ന്തഃസംസ്ഥാന വാഹന രജിസ്ട്രേഷനായ ഭാരത് സീരിസ് (ബി.എച്ച്.) വരുമ്പോള്‍ അതിന്റെ മറവില്‍ നികുതിവെട്ടിപ്പിനുള്ള സാധ്യത തടയാന്‍ സംസ്ഥാനം വഴിതേടുന്നു. വാഹന വിലയുടെ 21 ശതമാനംവരെ സംസ്ഥാനത്ത് നികുതി ഈടാക്കുമ്പോള്‍ കേന്ദ്ര രജിസ്ട്രേഷന് പരമാവധി 12 ശതമാനമാണ് നല്‍കേണ്ടത്. ഇതാണ് ലാഭം. 

ആഡംബരവാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം ബി.എച്ച്. രജിസ്ട്രേഷന്‍ നേടാനും കൈമാറാനും ഇടയുണ്ട്. ഇതു തടയാന്‍ ബി.എച്ച്. രജിസ്ട്രേഷന്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുക എന്നതാണ് ആലോചിക്കുന്നത്.

നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയുണ്ട്. ബി.എച്ച്. രജിസ്ട്രേഷന്‍ അര്‍ഹതയുള്ളവരെക്കൊണ്ട് വാഹനങ്ങള്‍ വാങ്ങിപ്പിച്ചശേഷം മറ്റൊരാള്‍ക്ക് വില്‍ക്കാനിടയുണ്ട്. 15 വര്‍ഷത്തേക്കു കൂടിയനിരക്കില്‍ നികുതി അടയ്ക്കുന്നതിനു പകരം രണ്ടുവര്‍ഷത്തേക്ക് കുറഞ്ഞനിരക്കില്‍ നികുതി അടച്ചാല്‍ മതിയെന്നതും ഇതിനു പ്രേരിപ്പിക്കും.

വാഹനം കൈമാറുമ്പോള്‍ പുതിയ ഉടമയ്ക്ക് ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയില്ലെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള നികുതിനിരക്ക് ചുമത്താന്‍ അനുമതി തേടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചേക്കും. ബി.എച്ച്. രജിസ്ട്രേഷന്റെ വിജ്ഞാപനം വന്നെങ്കിലും ഉടമസ്ഥാവകാശ കൈമാറ്റം, നികുതി വീതംവെപ്പ് എന്നിവ സംബന്ധിച്ച് കേന്ദ്രം വ്യവസ്ഥകള്‍ ഇറക്കിയിട്ടില്ല.

Content Highlights: Bharat Registration, BH Registration, Central Government, Kerala Government