പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
റോഡ് നികുതി നിശ്ചയിക്കുന്നതിനെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കംകാരണം ഏകീകൃത വാഹന രജിസ്ട്രേഷന് സംവിധാനമായ ഭാരത് രജിസ്ട്രേഷന് (ബി.എച്ച്.) കേരളത്തില്‍ നടപ്പായില്ല. ഒരു രജിസ്ട്രേഷനില്‍ രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം പത്ത് സംസ്ഥാനങ്ങളില്‍ നടപ്പായെങ്കിലും നികുതിനഷ്ടം ഭയന്ന് സംസ്ഥാനസര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്.
റോഡുനികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബി.എച്ച്. രജിസ്ട്രേഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ ആരോപണം. സംസ്ഥാനങ്ങളിലെ വ്യത്യസ്ത രജിസ്ട്രേഷന് സംവിധാനവും നികുതിഘടനയും കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് 2021 സെപ്റ്റംബര്‍ 15-ന് ഏകീകൃത രജിസ്ട്രേഷന് സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, നാലിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ എന്നിവര്‍ വാങ്ങുന്ന പുതിയവാഹനങ്ങള്‍ക്ക് ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയുണ്ട്. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്കുപകരം രണ്ടുവര്‍ഷത്തേക്ക് നികുതിയടയ്ക്കാം. വിലയുടെ എട്ടുമുതല്‍ 12 വരെ ശതമാനമാണ് നികുതി. മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറേണ്ടിവന്നാല്‍ വാഹന രജിസ്ട്രേഷന് മാറ്റേണ്ടതില്ല.
അടുത്തതവണത്തെ നികുതി അവിടെ അടച്ചാല്‍മതി. മറ്റു സംസ്ഥാനങ്ങളില്‍ തങ്ങേണ്ടിവരുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ സംവിധാനം. നികുതിഭാരവും കുറയും. വാഹനവിലയുടെ 21 ശതമാനംവരെ നികുതി ഈടാക്കുന്ന കേരളത്തിന് ബി.എച്ച്. രജിസ്ട്രേഷന് വന്‍ നികുതിനഷ്ടമുണ്ടാക്കുമെന്ന നിഗമനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. ബി.എച്ച്. രജിസ്ട്രേഷന് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള അഞ്ച് കേസുകളിലും നികുതി നിശ്ചയിക്കാനുള്ള തങ്ങളുടെ അധികാരം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
ബി.എച്ച്. തടയില്ല
ഭാരത് രജിസ്ട്രേഷന് അനുവദിച്ചിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ബി.എച്ച്. രജിസ്ട്രേഷന് വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടാന്‍ തടസ്സമില്ല. നികുതിനഷ്ടമില്ലാതെ ബി.എച്ച്. രജിസ്ട്രേഷന് അനുവദിക്കാമെന്ന നിലപാടിലാണ് സംസ്ഥാനം. ഉപരിതല ഗതാഗതമന്ത്രാലയവും സര്‍ക്കാരും തമ്മില്‍ കത്തിടപാടുകള്‍ നടന്നതല്ലാതെ ഈ വിഷയത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ നടന്നിട്ടില്ല.
നികുതി അന്തരം ഇങ്ങനെ
സംസ്ഥാനത്തെ റോഡ് ടാക്സ്
- അഞ്ചുലക്ഷംവരെ 9 ശതമാനം
- 10 ലക്ഷം വരെ 11 ശതമാനം
- 15 ലക്ഷംവരെ 13 ശതമാനം
- 20 ലക്ഷംവരെ 16 ശതമാനം
- 20 ലക്ഷത്തിനുമേല്‍ 21 ശതമാനം
(ജി.എസ്.ടി. കൂട്ടാതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനം)
- 10 ലക്ഷത്തില്‍ താഴെ 8 ശതമാനം
- 10-20 ലക്ഷം 10 ശതമാനം
- 20 ലക്ഷത്തിനുമേല്‍ 12 ശതമാനം
- ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ടുശതമാനം അധികനികുതി
- വൈദ്യുതവാഹനങ്ങള്‍ക്ക് രണ്ടുശതമാനം നികുതിയിളവ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..