സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന്‍ സംവിധാനമായ ബി.എച്ച്. സീരീസ് നടപ്പാക്കുമ്പോള്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ നികുതിനഷ്ടം. നികുതി ഗണ്യമായി കുറയുന്നത് വാഹന ഉടമകള്‍ക്കു നേട്ടമാണ്. വാഹനവിലയുടെ എട്ടുമുതല്‍ 12 വരെ ശതമാനമാണ് പുതിയ സംവിധാനത്തില്‍ നികുതിയായി ഈടാക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് 21 ശതമാനംവരെ നികുതി ചുമത്തുന്നുണ്ട്.

ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ചുലക്ഷംവരെ ഒമ്പത്, പത്തുലക്ഷംവരെ 11, പതിനഞ്ചുലക്ഷംവരെ 13, ഇരുപതു ലക്ഷംവരെ 16, അതിനുമുകളില്‍ 21 ശതമാനം നികുതി ഈടാക്കുന്നുണ്ട്. 15 വര്‍ഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കുകയും വേണം. ഇതുകാരണം ആഡംബരവാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

ബി.എച്ച്. രജിസ്ട്രേഷനില്‍ രണ്ടുവര്‍ഷ തവണകളായി നികുതി അടയ്ക്കാം. ജി.എസ്.ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസമാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍, വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ രജിസ്ട്രേഷന്‍ അനുഗ്രഹമാണ്. നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും ആനുകൂല്യം കിട്ടും. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ മാറ്റാതെ കൊണ്ടുപോകാം.

സംസ്ഥാനാന്തര രജിസ്ട്രേഷന്‍ ഉടമയ്ക്ക് സ്വയം തിരഞ്ഞെടുക്കാം. സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ഹാജരാക്കേണ്ടത്. ഐ.ടി. കമ്പനികള്‍, വന്‍കിട വ്യാപാരശൃംഖലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നിലവിലെ വിജ്ഞാപനപ്രകാരം പുതിയ രജിസ്ട്രേഷന് അര്‍ഹതയുണ്ട്.

Content Highlights: BH Series Vehicle Registration, Kerala Road Tax, Registration Fees, Single Registration