മുംബൈ നഗരത്തില്‍ കണ്ടക്ടറില്ലാതെ ഓടുന്ന മിനി ബസുകള്‍ വരുന്നു. ഇത്തരം 50 എയര്‍ കണ്ടീഷന്‍ഡ് ബസുകള്‍ ഉടന്‍ നിരത്തിലിറക്കാനാണ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്) തീരുമാനിച്ചിരിക്കുന്നത്.

മെട്രോ സര്‍വീസുകളിലുള്ളതുപോലെ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാവും ഇത്തരം ബസുകളിലേക്കുള്ള പ്രവേശം. നേരത്തേ വാങ്ങിയ പ്രീ പെയ്ഡ് കാര്‍ഡുകള്‍ കാണിച്ച് ബസിന്റെ വാതില്‍ക്കലുള്ള വെന്‍ഡിങ് മെഷീനിലില്‍നിന്ന് ടിക്കറ്റെടുക്കാം.

ടിക്കറ്റെടുത്താല്‍ മാത്രമേ ഓട്ടോമാറ്റിക് വാതില്‍ തുറക്കൂ. നാണയങ്ങള്‍ നിക്ഷേപിച്ച് ടിക്കറ്റെടുക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്. പാട്ടത്തിനെടുത്ത ബസുകളാണ് ഇതിനുപയോഗിക്കുക. 22 സീറ്റോ 29 സീറ്റോ ഉള്ളവയാവും അവ. 

കണ്ടക്ടറെക്കൂടി ഒഴിവാക്കുന്നതോടെ ബസ് ഓടിക്കാനുള്ള ചെലവ് കുറയുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ത്തന്നെ ബെസ്റ്റില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കണ്ടക്ടറില്ലാത്ത ബസുകളടക്കം അടുത്തവര്‍ഷം തുടക്കത്തില്‍ നൂറോളം മിനി ബസുകള്‍ നിരത്തിലിറക്കാനാണ് ബെസ്റ്റിന്റെ തീരുമാനം.

Content Highlights; BEST introduce new conductor less buses in mumbai