കൊച്ചി: രാജകീയ വാഹനമായ മേഴ്‌സിഡസ്-ബെന്‍സ് എഎംജി മോഡലുകള്‍ക്ക് കേരളത്തില്‍ ആവശ്യക്കാരേറുന്നു. മേഴ്‌സിഡസിന്റെ പുതിയ എസ് ക്ലാസ് അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു. ഇതോടെ എസ്-ക്ലാസ് മോഡലുകളുടെ ഡിമാന്റ് 80 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് കൊച്ചി രാജശ്രീ മോട്ടോഴ്‌സ് മാനേജിങ് ഡയറക്റ്റര്‍ എസ്. ശിവകുമാര്‍ പറഞ്ഞു

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 8061 കാറുകള്‍ നിരത്തെലെത്തിച്ച് റെക്കോഡ് നേട്ടമാണ് മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ കൈവരിച്ചിരിക്കുന്നത്. വില്‍പന നേട്ടത്തില്‍ കേരളത്തിന് പ്രധാന പങ്കുണ്ടെന്ന് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. മേഴ്‌സിഡസ്-ബെന്‍സിന്റെ സ്റ്റാര്‍ എക്‌സ്പീരിയന്‍സ് പരിപാടിയുടെ ഭാഗമായി ആലുവ രാജശ്രീ മോട്ടോഴ്‌സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഴ്‌സിഡസ് ബെന്‍സിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ എക്‌സ്പീരിയന്‍സ്. 

ആലുവയിലെ ദേശത്ത്  ഒരുക്കിയിരിക്കുന്ന രാജശ്രീ മോട്ടോഴ്‌സ് ഷോറൂം സംസ്ഥാനത്തെ ആദ്യ എഎംജി പെര്‍ഫോര്‍മന്‍സ് സെന്ററാണ്. ഒരേ സമയം 11 കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള സൗകര്യം, കസ്റ്റമര്‍ ലോഞ്ച്, മെഴ്‌സിഡസ്-കഫെ, എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ 45 ഇടങ്ങളിലായി 93 ഷോറൂമുകളാണ് മേഴ്‌സിഡസിനുള്ളത്. എന്നാല്‍, കൂടുതല്‍ നഗരങ്ങളില്‍ ഷോറൂമുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വാഹനം തദ്ദേശിയമായി നിര്‍മിക്കുന്നതിന് 2200 കോടി രൂപ മുതല്‍മുടക്കിയാണ് 2009-ല്‍ പൂണെ ചക്കാനിയില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ പ്ലാന്റ് തുറന്നത്.

Content Highlights: Benz AMG Demand Increase In Kerala