ബെംഗളൂരു നഗരത്തില്‍ വോള്‍വോ ഡീസല്‍ ബസുകള്‍ക്കു പകരം വൈദ്യുതിബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.). ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 300 എ.സി. വൈദ്യുതിബസുകള്‍ നിരത്തിലിറക്കാനാണ് ബി.എം.ടി.സി.യുടെ തീരുമാനം.

നഷ്ടത്തിലുള്ള വോള്‍വോ ബസ് പാതകള്‍ പരിശോധിച്ചുവരികയാണെന്നും ഈ ബസുകള്‍ ഇനി സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാകും സര്‍വീസ് നടത്തുകയെന്നും ബി.എം.ടി.സി. അധികൃതര്‍ വ്യക്തമാക്കി. പുതിയതായി വോള്‍വോ ബസുകള്‍ വാങ്ങേണ്ടെന്നാണ് തീരുമാനം.

വിമാനത്താവളം, ഔട്ടര്‍ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ ഭാഗങ്ങളിലേക്കായിരിക്കും എ.സി. വൈദ്യുതി ലോ ഫ്ലോർ ബസുകള്‍ സര്‍വീസ് നടത്തുക.

വൈദ്യുതിബസുകളിലെ നിരക്ക് വോള്‍വോ ബസുകളുടേതിനു തുല്യമായിരിക്കും. വോള്‍വോ സര്‍വീസുകള്‍ വന്‍നഷ്ടത്തിലായതാണ് പകരം വൈദ്യുതിബസുകളിറക്കുന്നതിനു കാരണം. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, ജി.എസ്.ടി. തുടങ്ങിയവയടക്കം കിലോമീറ്ററിന് 60 രൂപ മുതല്‍ 63 രൂപ വരെയായിരിക്കും വൈദ്യുതിബസുകളുടെ നടത്തിപ്പുചെലവ്. വോള്‍വോ എ.സി. ബസുകള്‍ക്ക് ഇത് 75 രൂപ മുതല്‍ 80 രൂപ വരെയാണ്.

അറ്റകുറ്റപ്പണിക്കുള്ള ചെലവും വോള്‍വോ ബസുകള്‍ക്ക് കൂടുതലാണ്. എല്ലാംകൊണ്ടും വൈദ്യുതിബസുകളാണ് കോര്‍പ്പറേഷനു ലാഭകരമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നഷ്ടം കുറയ്ക്കാന്‍ വൈദ്യുതിബസുകള്‍ പാട്ടത്തിനെടുക്കാനാണ് നീക്കം. ഈ വര്‍ഷം 1,089 നോണ്‍ എ.സി. ബസുകള്‍ പിന്‍വലിക്കാന്‍ ബി.എം.ടി.സി. തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ 357 പുതിയ നോണ്‍ എ.സി. ഡീസല്‍ ബസുകള്‍ ഇറക്കും. 8.5 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടതോ 11 വര്‍ഷമായതോ ആയ ബസുകളാണ് സാധാരണഗതിയില്‍ പിന്‍വലിക്കുന്നത്.

എന്നാല്‍, വോള്‍വോ ബസുകള്‍ 10 വര്‍ഷം പിന്നിട്ടതും 10 ലക്ഷം കിലോമീറ്റര്‍ ആയതുമാണ് പിന്‍വലിക്കുക. ബസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പുതിയ നയം കൊണ്ടുവരുമെന്ന് ബി.എം.ടി.സി. അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ബി.എം.ടി.സി.ക്ക് 825 വോള്‍വോ ബസുകളാണുള്ളത്. ഒരു കോടി രൂപയാണ് ഒരു വോള്‍വോ ബസിന്റെ ചെലവ്. രാജ്യത്ത് ആദ്യമായി സിറ്റി സര്‍വീസിനായി വോള്‍വോ എ.സി. ബസുകള്‍ ഇറക്കിയത് ബി.എം.ടി.സി.യായിരുന്നു. 2006-ലാണ് ആദ്യമായി വോള്‍വോ ബസുകള്‍ നഗരത്തിലെ നിരത്തുകളില്‍ ഇറക്കിയത്.

കോമണ്‍ മൊബിലിറ്റി കാര്‍ഡ് ജനുവരിയില്‍

ബെംഗളൂരു: മെട്രോയിലും ബസിലും യാത്രചെയ്യാവുന്ന കോമണ്‍ മൊബിലിറ്റി കാര്‍ഡ് യാഥാര്‍ഥ്യമാകുന്നു. അടുത്തവര്‍ഷം ജനുവരി ആദ്യത്തോടെ യാത്രക്കാര്‍ക്ക് ഈ കാര്‍ഡ് നല്‍കാനാണ് നീക്കം. ഇതിനുമുമ്പായി കാര്‍ഡിന്റെ ട്രയല്‍ റണ്‍ നടത്താനുള്ള ഒരുക്കത്തിലാണ് എജന്‍സികളെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ബി.എം.ആര്‍.സി.എല്‍.) മാനേജിങ് ഡയറക്ടര്‍ അജയ് സേത്ത് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ മജസ്റ്റിക്, ബൈയപ്പനഹള്ളി സ്റ്റേഷനുകളില്‍ നാലുവീതം ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍(എ.എഫ്.സി.) ഗേറ്റുകള്‍ സ്ഥാപിക്കും.

Content Highlights: Bangalore Authority Switch Over To Electric Bus From Volvo