ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്കു പത്തു മിനിറ്റുകൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്ന അതിവേഗ ഗതാഗത സംവിധാനമായ 'ഹൈപ്പര്‍ലൂപ്പ്' വരുന്നു. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയിലെ പ്രമുഖരായ, യു.എസ്. ആസ്ഥാനമായുള്ള വിര്‍ജിന്‍ ദി ഹൈപ്പര്‍ലൂപ്പും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബി.ഐ.എ.എല്‍.) ഹൈപ്പര്‍ലൂപ്പ് ഇടനാഴിക്കുള്ള സാധ്യതാ പഠനത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. 

ആറു മാസം വീതമുള്ള രണ്ടുഘട്ടങ്ങളിലായി സാധ്യതാപഠനം നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക സാഹചര്യവും റൂട്ടുമാണ് പഠനത്തില്‍ വരിക. 1080 കിലോമീറ്റര്‍വരെ വേഗമുള്ള ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് 10 മിനിറ്റുകൊണ്ട് യാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കും. 

നിലവില്‍ ഒരുമണിക്കൂറിലേറെ സമയം വേണം നഗരത്തിലെത്താന്‍. ബെംഗളൂരു വിമാനത്താവളത്തെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ്ബാക്കി ഇന്ത്യയിലേക്കുള്ള പുതിയ പ്രവേശനകവാടമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.ഐ.എ.എല്‍. മാനേജിങ് ഡയറക്ടര്‍ ഹരി മാരാര്‍ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകുന്ന സംവിധാനമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

വിര്‍ജിന്‍ ദി ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സുലയെമും കര്‍ണാടക ചീഫ് സെക്രട്ടറി ടി.എം. വിജയ്ഭാസ്‌കറും ധാരണാപത്രം വിര്‍ച്വലായി കൈമാറി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കപില്‍ മോഹന്‍ ചടങ്ങില്‍ പങ്കെടുത്തു. ബി.ഐ.എ.ലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുപകരിക്കുന്നതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും സുല്‍ത്താന്‍ പറഞ്ഞു. 

സംസ്ഥാനത്തെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒട്ടേറെറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഹൈപ്പര്‍ലൂപ്പ് സംവിധാനം മറ്റൊരു സുപ്രധാന നീക്കമാണെന്നും ചീഫ് സെക്രട്ടറി വിജയ് ഭാസ്‌കര്‍ പറഞ്ഞു.

ഹൈപ്പര്‍ലൂപ്പ് എന്ത്?

തുരങ്കംപോലെ വലുപ്പമുള്ളതും വലിയ തൂണുകള്‍ക്കുമേല്‍ ഘടിപ്പിച്ചതുമായ ട്യൂബുകള്‍ക്കുള്ളിലൂടെയാണ് സഞ്ചാരം സാധ്യമാവുക. പല കമ്പാര്‍ട്ട്മെന്റുകള്‍ ചേര്‍ന്ന ട്രെയിനിനു പകരം കാപ്സൂള്‍ ആകൃതിയിലുള്ള പരസ്പരബന്ധമില്ലാത്ത കമ്പാര്‍ട്ട്മെന്റുകള്‍ ഇതിലുണ്ടാകും. 

വാക്വം ട്യൂബുകളിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ചക്രങ്ങള്‍ ഇല്ലാത്ത വാഹനങ്ങളാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ പ്രധാനഘടകം. വാക്വം ട്യൂബുകളിലൂടെ യാത്രചെയ്യുന്നതിനാല്‍ വളരെ കുറച്ച് ഊര്‍ജംമാത്രമേ ആവശ്യമുള്ളൂ. വാഹനം ട്യൂബിന് അകത്തുകൂടി ഓടുന്നതിനാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ വാഹനത്തെ ബാധിക്കില്ല.

Content Highlights; Bangalore Airport Planning To Make Hyper Loop Transportation To City