പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിന് കീഴില്‍ ബജാജ് ആദ്യ ഇലക്ട്രിക് മോഡല്‍ ചേതക്ക് സ്‌കൂട്ടര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ബജാജ് നിരയിലെ ക്വാഡ്രിസൈക്കിള്‍ മോഡലായ ക്യൂട്ടും ഇലക്ട്രിക്കില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള സൂചന നല്‍കി ഇതാദ്യമായി ഇന്ത്യന്‍ നിരത്തിലൂടെയുള്ള ഇലക്ട്രിക് ക്യൂട്ടിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലുള്ള മോഡലാണ് പരീക്ഷണ ഓട്ടത്തിലുള്ളത്. അതിനാല്‍തന്നെ വിദേശ രാജ്യങ്ങളിലേക്കായിരിക്കും ആദ്യം ക്യൂട്ട് ഇലക്ട്രിക് ബജാജ് പരിഗണിക്കുകയെന്നാണ് സൂചന. നിലവില്‍ റഗുലര്‍ ക്യൂട്ട് മോഡല്‍ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്. പുറത്തുവന്ന ആദ്യ ചിത്രങ്ങള്‍ പ്രകാരം രൂപത്തില്‍ റഗുലര്‍ ക്യൂട്ടിന് സമാനമാണെങ്കിലും ക്വാഡ്രിസൈക്കിള്‍ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ QCAR ബാഡ്ജിങ്ങിലാണ് ഇലക്ട്രിക് ക്യൂട്ട് അവതരിപ്പിക്കുകയെന്നാണ് സൂചന. 

ചേതക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്കെത്തിയ ശേഷം മാത്രമേ ക്യൂട്ട് ഇലക്ട്രിക് പുറത്തിറങ്ങാന്‍ സാധ്യതയുള്ളു. നിലവില്‍ രണ്ടര ലക്ഷം രൂപ മുതലാണ് പെട്രോള്‍, സിഎന്‍ജി ക്യൂട്ടിന്റെ വില, ഇതിനെക്കാള്‍ ഉയര്‍ന്ന വില ഇലക്ട്രിക്കിന് പ്രതീക്ഷിക്കാം. രാജ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ വരുന്ന 2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ക്യൂട്ട് ഇലക്ട്രിക്കിനെ ബജാജ് പ്രദര്‍ശിപ്പിച്ചേക്കും.

Source: Rushlane

Content Highlights; Bajaj Qute electric spied testing, Electric Qute coming soon