പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡില്‍ ബജാജ് അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാണ് ചേതക്ക്. പഴയ ഐതിഹാസിക ചേതക്ക് സ്‌കൂട്ടിറിനെ ഓര്‍മ്മപ്പെടുത്തി അതേ പേരിലെത്തിയ ചേതക്ക് ഇലക്ട്രിക് അടുത്ത വര്‍ഷത്തോടെയാണ് വിപണിയിലേക്കെത്തുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 1.10 ലക്ഷം രൂപ റേഞ്ചിലായിരിക്കും ചേതക്കിന്റെ വിപണി വിലയെന്നാണ് ആദ്യ സൂചന. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫെയിം 2 സബ്‌സിഡി അടക്കമുള്ള വിലയായിരിക്കും ഇത്.
പ്രീമിയം സ്‌കൂട്ടറായ ചേതക്ക് ഇലക്ട്രിക്കിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുണെ വിപണിയിലാണ് ചേതക്ക് ഇലക്ട്രിക് ആദ്യം പുറത്തിറങ്ങുക. ഇതിന് പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിനുശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും.
പഴയ ചേതക്കില്‍ നിന്ന് വ്യത്യസ്തമായി റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വ്യത്യസ്തമാക്കും. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്.
IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അതേസമയം ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ സംബന്ധിച്ച വിവരങ്ങളൊന്നും ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും. വിപണിയിലെത്തുമ്പോള്‍ ആതര്‍ 450 മോഡലായിരിക്കും ചേതക്കിന്റെ മുഖ്യ എതിരാളി.
Content Highlights; bajaj chetak electric scooter could be priced around 1.10 lakhs