സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ നിര്‍മിച്ച ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി. സിംഗപ്പൂരിലെ നന്‍യാംഗ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് ഡ്രൈവര്‍ലെസ് ഇലക്ട്രിക് ബസ് നിര്‍മിച്ചിരിക്കുന്നത്. 

പ്രാഥമിക ഘട്ടമായുള്ള പരീക്ഷണയോട്ടത്തിന് വേദിയായത് യൂണിവേഴ്‌സിറ്റിയുടെ ക്യാംപസ് തന്നെയാണ്. വോള്‍വോയുടെ അധികൃതര്‍ ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നെങ്കിലും നീയന്ത്രണം പൂര്‍ണമായും ഓട്ടോമാറ്റിക്കായിരുന്നു. 

യാത്രക്കാരായി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും ബസിനുള്ളില്‍ ഉണ്ടായിരുന്നു. പരീക്ഷണയോട്ടത്തില്‍ ശ്രദ്ധയില്‍പെട്ടിട്ടുളള ചെറിയ പോരായ്മകള്‍ പരിഹരിച്ച ശേഷമായിരിക്കും ഈ വാഹനം പൊതുനിരത്തില്‍ പരീക്ഷണം നടത്തുക. 

വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. 2016-ല്‍ തന്നെ സിംഗപ്പൂരില്‍  ഡ്രൈവര്‍ലെസ് ടാക്സികള്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 12 മീറ്റര്‍ നീളമുള്ള ബസാണ് വോള്‍വോ നിര്‍മിച്ചിരിക്കുന്നത്. ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Autonomous Electric Bus Trialled In Singapore