ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് ഓണ്‍ (എ.ഒ.എച്ച് ) സംവിധാനം നിര്‍ബന്ധമാക്കുന്നു. 2017 ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
നിലവില്‍ ആഢംബര കാറുകളിലും ചില വിലയേറിയ ബൈക്കുകളിലും ഉപയോഗിക്കുന്ന ഡേ ടൈം റണ്ണിങ് ലൈറ്റിന് സമാനമായ സംവിധാനം ഏപ്രില്‍ മുതല്‍ നിലവില്‍ വരും. കെ.ടി.എം, ഹോണ്ട തുടങ്ങിയ നിര്‍മ്മാതാക്കള്‍ എ.ഒ.എച്ച് സംവിധാനം ഇരുചക്ര വാഹനങ്ങളില്‍ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.
ഇതോടെ ഇരുചക്ര വാഹനങ്ങളുടെ വലത്തെ ഹാന്‍ഡില്‍ ബാറിലുള്ള ഹെഡ്ലൈറ്റ് ഓണാക്കാനും ഓഫാക്കാനുമുള്ള സ്വിച്ച് അപ്രത്യക്ഷമാകും. അതോടെ പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കഴിഞ്ഞാന്‍ ഹെഡ് ലാമ്പ് ഓഫാക്കാന്‍ സാധിക്കാതെ വരും. ഇരുചക്രവാഹനങ്ങള്‍ വളരെവേഗം മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
ഇരുചക്ര വാഹനങ്ങളില്‍ ഡേ ടൈം റണ്ണിങ് ലൈറ്റും എ.ഒ.എച്ചും നിലവില്‍ പല വികസിത രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സംവിധാനം 2003 മുതല്‍ ഉപയോഗിച്ചുവരികയാണ്. നേരത്തെ ഇതേക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കാന്‍ എ.ഒ.എച്ചിന് സാധിക്കുമെന്ന് കമ്മറ്റി കണ്ടെത്തിയിരുന്നു. പകലും രാത്രിയും ഇരുചക്രവാഹനങ്ങളുടെ വിസിബിലിറ്റി വര്‍ധിപ്പിക്കാന്‍ എ.ഒ.എച്ചിന് സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..