രാവിലെ എട്ടരയ്ക്ക് സ്റ്റാൻഡിൽ എത്തിയതാണ്. 11 മണിക്കാണ് ആദ്യഓട്ടം കിട്ടിയത്. വളരെ കുറഞ്ഞദൂരത്തേക്ക് മാത്രമാണ് ഇപ്പോൾ ഓട്ടം. വൈകുന്നേരമായാൽ 200-250 രൂപ വരുമാനം. ആ പൈസ അടുത്ത ദിവസത്തെ ഓട്ടത്തിന് എണ്ണയടിക്കാനേ തികയൂ മാനന്തവാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജി. സനൽ പറഞ്ഞു.

ലോക്ഡൗൺ പ്രതിസന്ധികൾക്കൊപ്പം ഇന്ധനവിലയും ദിവസേന കൂട്ടിയതോടെ വലിയ ബാധ്യതയാണ് ഓട്ടോത്തൊഴിലാളികൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. ലോക്ഡൗൺ കാലത്ത് ദിവസങ്ങളോളമാണ് ഓട്ടോറിക്ഷ ഓടാതെ കിടന്നത്. ഇളവുകൾ വന്നപ്പോൾ പ്രതീക്ഷയോടെയാണ് വീണ്ടും സ്റ്റാൻഡിൽ എത്തിയത്.

ഒരു വരുമാനവും ഇല്ലാത്ത സമയത്ത് കിട്ടുന്നത് ആവുമല്ലോ എന്നു കരുതി. ദിവസേന ഇന്ധനവില കൂടാൻ തുടങ്ങിയതോടെ കിട്ടുന്ന വരുമാനം എണ്ണയടിക്കാൻപോലും തികയാത്ത അവസ്ഥയാണെന്ന് പറയുന്നു തൊഴിലാളികൾ. ഓട്ടോറിക്ഷ ഓടിക്കുന്നവരിൽ മറ്റു വരുമാന മാർഗങ്ങളുള്ളവർ വളരെ കുറവാണ്.

ലോക്ഡൗണിനുശേഷം ഓട്ടം വളരെ കുറഞ്ഞു. ഓട്ടം കിട്ടാതെ വെറുതേ സ്റ്റാൻഡിൽ കിടന്ന ദിവസങ്ങളുണ്ടെന്ന് ഡ്രൈവർമാർ ഒരേ സ്വരത്തിൽ പറയുന്നു. മാനന്തവാടിയിൽ മുമ്പ് 800 മുതൽ 1000 രൂപവരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നേർപകുതിപോലുമില്ല. 500 രൂപയാണ് ഇപ്പോൾ ലഭിക്കുന്ന കൂടിയ വരുമാനം. അതും എല്ലാദിവസവും ഇല്ല. 25 മുതൽ 35 കിലോമീറ്റർവരെ മൈലേജ് ലഭിക്കുന്ന ഓട്ടോറിക്ഷകളുണ്ട്.

150 രൂപയ്ക്കും 200 രൂപയ്ക്കുമാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കാറെന്ന് തൊഴിലാളികൾ പറയുന്നു. മുമ്പ് 300 രൂപയ്ക്കൊക്കെ ഒരുദിവസം ഇന്ധനം നിറച്ചിരുന്നു. അത്രയും രൂപയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള വരുമാനം ഇപ്പോൾ കിട്ടുന്നില്ല. അടിച്ചാലും പഴയ അളവിലില്ല.

കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ ഇന്ധനവിലവർധന തുടർന്നാൽ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്നും ഇവർ പറയുന്നു. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ കുട്ടികൾക്ക് മൊബൈൽ റീച്ചാർജ് ചെയ്തുനൽകാൻപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്ന് സനൽ പറയുന്നു.

Content Highlights:Auto Drivers Faceing Heavy Crisis Due to Petrol-Diesel Price Hike