ടച്ചിടല്‍മൂലം ഓടിക്കാനാവാതെ നശിച്ച ഓട്ടോറിക്ഷ എന്തുചെയ്യണമെന്ന് രമേഷിന് ഒരു നിശ്ചയവുമില്ലായിരുന്നു. വീട്ടുപരിസരത്തുകിടന്ന് പൊടിഞ്ഞുതുടങ്ങിയ തന്റെ ജീവിതോപാധി നാടിന് ഗുണംചെയ്യട്ടെയെന്ന് തീരുമാനിച്ചപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് 6000 രൂപയെത്തി.

കിഴക്കേവെള്ളാനിക്കര സ്വദേശി രമേഷ് ഇപ്പോള്‍ കുടുംബം പോറ്റാന്‍ കൂലിപ്പണിക്കുപോവുകയാണ്; താമസം വാടകവീട്ടിലും. പാഴ്‌വസ്തുവായി ഓട്ടോറിക്ഷ ഏറ്റുവാങ്ങി പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത് പ്രദേശത്തെ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരാണ്.

15 കൊല്ലം പഴക്കമുള്ള ഓട്ടോറിക്ഷയായിരുന്നെങ്കിലും അതായിരുന്നു രമേഷിന്റെ ഉപജീവനമാര്‍ഗം. യാത്രക്കാര്‍ക്കുവേണ്ടിയല്ല, കടകളില്‍ സാധനങ്ങള്‍ എത്തിക്കാനാണ് വണ്ടി ഉപയോഗിച്ചിരുന്നത്. മുമ്പേ പരിതാപകരമായിരുന്നു ഓട്ടോയുടെ ആരോഗ്യം. ഷെഡ്ഡില്‍ കയറ്റിയപ്പോള്‍ ദയനീയമായി.

ഓട്ടോ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 15 കൊല്ലം പിന്നിട്ടതിനാല്‍, വീണ്ടും ടെസ്റ്റ് കഴിഞ്ഞുവേണം ഓടിക്കാന്‍. അതിന് വലിയ ചെലവ് വരുമായിരുന്നു. എ.ഐ.വൈ.എഫ്. മാടക്കത്തറ മേഖലാ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ ദുരിതാശ്വസനിധിയിലേക്ക് തുകകണ്ടെത്താന്‍ വീടുകളിലെ പത്രം, ആക്രിസാധനങ്ങള്‍, പഴയ പാത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ചുവരുന്നതിനിടയിലാണ് രമേശിനെ കണ്ടത്.

ജീവിതദുരിതത്തിലും സത്പ്രവൃത്തിക്കുതയ്യാറായ രമേശിനെ ചീഫ് വിപ്പ് കെ.രാജന്‍ പൊന്നാടയണിയിച്ചു. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍.രമേഷ്‌കുമാര്‍, രാകേഷ് കണിയാംപറമ്പില്‍, പ്രസാദ് പറേരി, കനിഷ്‌കന്‍, എല്‍ദോ എന്നിവരും പങ്കെടുത്തു.

Content Highlights; Auto Driver Sold His Auto rickshaw And Give The Money To Relief Fund