ലോട്ടറി വിതരണക്കാരനായ ഓട്ടോ ഡ്രൈവര്‍ കൈനീട്ടമായി വിറ്റ ലോട്ടറിയില്‍ മറ്റൊരു ഓട്ടോ ഡ്രൈവര്‍ ലക്ഷാധിപനായി. ലോക്ഡൗണിന് ശേഷമുള്ള കേരള ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെുടുപ്പില്‍ കോതമംഗലം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 

തങ്കളം-തൃക്കാരിയൂര്‍ റോഡില്‍ കനാല്‍പ്പടി ഭാഗത്തുള്ള ഇലമ്പക്കാട്ട് കെ.എസ്. സതീഷിനാണ് (52) 'സ്ത്രീശക്തി' ലോട്ടറിയുടെ 75 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. മേയ് 4-ന് നറുക്കെടുക്കേണ്ടിയിരുന്ന ലോട്ടറി ലോക്ഡൗണ്‍ മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നറുക്കെടുത്തത്. 

ലോട്ടറിയിലൂടെ സതീഷിന് ഇതിനുമുമ്പ് 100 മുതല്‍ 10,000 രൂപയുടെ വരെ നിരവധി സമ്മാനം കിട്ടിയിട്ടുണ്ടെങ്കിലും ലക്ഷങ്ങളുടെ സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ ഓട്ടോക്കാരന്‍. വെള്ളിയാഴ്ച ഫലം വന്നെങ്കിലും ശനിയാഴ്ച രാത്രി പത്രം നോക്കിയപ്പോഴാണ് ലക്ഷാധിപതിയായ സതീഷ് വിവരം അറിയുന്നത്. 

ഭാര്യ മായയും മക്കളായ അഭിജിത്തും അഭിരാമിയും അടങ്ങുന്നതാണ് സതീഷിന്റെ കുടുംബം. വീട് പണിക്കും മകന്റെ പഠനത്തിനുമായി വായ്പയെടുത്തതിന്റെ ബാധ്യത തീര്‍ക്കണം. തങ്കളം സ്റ്റാന്‍ഡിലാണ് ഓട്ടോ ഓടിക്കുന്നത്. തുടര്‍ന്നും ഓട്ടോതന്നെ ഉപജീവനമായി കൊണ്ടുപോകാനാണ് സതീഷിന്റെ തീരുമാനം.

Content Highlights: Auto Driver, Lottery Winner, Auto Driver Wins Lottery