ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് റാലിക്കാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചത്. കുംമ്പമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജിലെത്തിയ 500 ബസുകളാണ് 3.2 കിലോമീറ്റര്‍ നീളത്തില്‍ റാലി തീര്‍ത്തത്. ഇതുവഴി ലോകത്തിലെ ഏറ്റവും വലിയ ബസ് റാലിയായി ഇത്‌ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.

 

നിലവില്‍ ഏറ്റവും കൂടുതല്‍ ബസുകളുടെ റാലി ഒരുക്കിയതിന്റെ റെക്കോഡ് അബുദാബിക്കാണ്. 5.8 കിലോമീറ്റര്‍ ദൂരത്തില്‍ 390 ബസുകളാണ് ഇവിടെ റാലി നടത്തിയത്. യുഎഇയുടെ 39-ാമത് ദേശിയ ദിനത്തിലെ ഈ റാലി ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.

ഉത്തര്‍പ്രദേശിലെ നാഷണല്‍ ഹൈവേ 19-ല്‍ സാഹ്‌സണ്‍ മുതല്‍ നവാബ്ഗഞ്ച് വരെയാണ് കാവി വര്‍ണത്തിലുള്ള ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ വരിവരിയായി നിരന്നത്. 

Image
Image: ANI

കുംമ്പമേളയുടെ ട്രാഫിക് പ്ലാന്‍ പ്രദര്‍ശിപ്പിക്കുന്നതിന് കൂടിയാണ് ഈ റാലി നടത്തിയത്. സാധാരണ കുംമ്പമേളയില്‍ 1300 ഹെക്ടര്‍ സ്ഥലത്താണ് വാഹന പാര്‍ക്കിങ്ങ് ഒരുക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 18 മേഖലകളില്‍ നിന്നായാണ് റാലിക്ക് ഉപയോഗിച്ച യുപിഎസ്ആര്‍ടിസിയുടെ ബസുകള്‍ എത്തിച്ചത്. കുംമ്പമേള നീയന്ത്രിക്കുന്നതിനായി 20,000 പോലീസുകാരെയും ഇവിടെ വിന്യസിപ്പിച്ചിരുന്നു.

Content Highlights: At Kumbh Mela, UP Eyes Guinness Record For "Largest Parade Of Buses"