പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രധാനനിരത്തുകളിലെല്ലാം നിര്‍മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സ്ഥാപിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ഇവ പ്രവര്ത്തിപ്പിച്ചുതുടങ്ങിയില്ല. എല്ലാ നിയമലംഘനങ്ങളും പിടികൂടാന്‍ സംസ്ഥാനത്താകെ സ്ഥാപിച്ച 675 ക്യാമറകളുടെ പ്രവര്‍ത്തനമാണ് തുടങ്ങാത്തത്.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ ഡേറ്റ കൈമാറ്റമുള്‍പ്പെടെയുള്ള സാങ്കേതികനടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പ്രവര്‍ത്തനം തുടങ്ങാത്തതിന് കാരണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ക്യാമറകള്‍ കാണുമ്പോള്‍ എല്ലാവരും വേഗം കുറയ്ക്കുന്നുവെന്നതും കൃത്യമായി വാഹനമോടിക്കുന്നുവെന്നതും മാത്രമാണ് ഗുണം.
റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി അതത് ജില്ലാ കണ്ട്രോള് റൂമുകള്‍ മുഖാന്തരം പിഴയീടാക്കുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്താകെ 675 ക്യാമറകള്‍ സ്ഥാപിച്ചത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, കൂടുതല്‍ ആളുകളെ കയറ്റുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ ക്യാമറകള്‍ പിടികൂടുക.
ഇ-ചലാന്‍ സംവിധാനംവഴി പിഴയീടാക്കുന്ന രീതയിലാണ് സംവിധാനം. നിയമലംഘനങ്ങളുടെ ചിത്രം സഹിതം തെളിവ് നല്കി പിഴയീടാക്കി ലംഘനങ്ങള്‍ പരമാവധി കുറയ്ക്കാനായിരുന്നു പദ്ധതി. ഒപ്പം പാര്‍ക്കിങ് ലംഘനം പിടിക്കാന്‍ 25 പി.വി.ഡി.എസ്. (പാര്‍ക്കിങ് വയലേഷന്‍ ഡിറ്റക്ടിങ്) ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇവ റോഡില്‍ സ്ഥാപിക്കുന്ന പണി കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ പൂര്‍ത്തിയായിരുന്നു.
ജില്ലകളില്‍ ഇവ സ്ഥാപിച്ച സ്ഥലങ്ങളും പുറത്തുവിട്ടിരുന്നു. പല ജില്ലകളിലും കണ്ട്രോള് റൂമുകളും സജ്ജമായിട്ടുണ്ട്. എന്നാല്‍, വാഹനങ്ങളുടെ ഡേറ്റാകൈമാറ്റം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാത്തതും സോഫ്റ്റ്വെയര് പൂര്ണസജ്ജമാകാത്തതുമാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിന് കാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..