എ.ഐ ക്യാമറയില്‍ നിയമ ലംഘനങ്ങള്‍ 'ഹൗസ് ഫുള്‍'; ഒരു ജില്ലയില്‍ മാത്രം അഞ്ച് ലക്ഷം നിയമ ലംഘനങ്ങള്‍


പി.ബി. ഷെഫീക്

ക്യാമറകള്‍ സ്ഥാപിച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഒരാളില്‍നിന്നുപോലും ഇതുവരെ പിഴ ഈടാക്കിയിട്ടില്ല.

പ്രതീകാത്മക ചിത്രം | Photo: Canva.com

'ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും...' മിഥുനം സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച മന്ത്രവാദിയായ കഥാപാത്രം തേങ്ങയും കയ്യില്‍ പിടിച്ചു പറയുന്ന ഡയലോഗ് ഓര്‍മയില്ലേ. തേങ്ങ പൊട്ടാന്‍ കാത്തിരിക്കുന്ന ജഗതിയുടെ കഥാപാത്രത്തിന്റെ അതേ അവസ്ഥയിലാണ് ഇപ്പോള്‍ ആര്‍.ടി. ഓഫീസിലെ ജീവനക്കാര്‍. നിയമ ലംഘനങ്ങള്‍ തെളിവ് സഹിതം കൈയില്‍ കിട്ടിയിട്ടും വാഹന ഉടമകള്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.

അധികൃതരോട് ഇക്കാര്യം ചോദിക്കുമ്പോള്‍ പിഴ ഈടാക്കാനുള്ള സോഫ്റ്റ്വേര്‍ 'ഇപ്പോ ശരിയാകും' എന്നു പറഞ്ഞു പോകുന്നതല്ലാതെ എന്ന് പ്രവര്‍ത്തന സജ്ജമാകുമെന്നതിന് കൃത്യമായ ഉത്തരമില്ല. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ വഴി കണ്ടെത്തിയിട്ടുള്ള നിയമ ലംഘനങ്ങളാണ് കുന്നുകൂടുന്നത്. ഏപ്രില്‍ ഒന്നുമുതലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുന്നതിന് നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 64 എ.ഐ. ക്യാമറകള്‍ എറണാകുളം ജില്ലയില്‍ സ്ഥാപിച്ചത്.അന്നുമുതല്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, അമിത വേഗം, ട്രാഫിക് സിഗ്‌നല്‍ ലംഘനം തുടങ്ങിയ നിയമ ലംഘനങ്ങളാണ് ക്യാമറ വഴി എറണാകുളം കളക്ടറേറ്റിലുള്ള എന്‍ഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലേക്ക് എത്തുന്നത്. എന്നാല്‍ ക്യാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ്വേര്‍ പൂര്‍ണ സജ്ജമാകാത്തതിനാല്‍ ഇത്രയും നാളായിട്ടും വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഒടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പിഴ ഈടാക്കാന്‍ കഴിയാതെ അഞ്ച് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ജില്ലയില്‍ മാത്രം ഉള്ളത്.

വാഹനങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്വേറിലേക്ക് അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ പിഴ ഈടാക്കി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ ക്യാമറകള്‍ സ്ഥാപിച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഒരാളില്‍നിന്നുപോലും ഇതുവരെ പിഴ ഈടാക്കിയിട്ടില്ല.

സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണിനാണ് പദ്ധതിയുടെ ചുമതല. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമെയാണ് പുതിയവ സ്ഥാപിച്ചത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള വാഹന യാത്ര, യാത്രയ്ക്കിടെ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങളൊക്കെ പുതിയ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഫുള്‍ടൈം ഓണ്‍

രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് പുതിയ ക്യാമറയുടെ മറ്റൊരു സവിശേഷത. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബന്ധത്തിന്റെ പ്രശ്നങ്ങള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമ ലംഘനങ്ങള്‍ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചതായും ബോധ്യപ്പെട്ടാല്‍ ഈ ക്യാമറ മാറ്റി സ്ഥാപിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാര്‍ഡ് സംവിധാനത്തില്‍ ഇന്റര്‍നെറ്റ് വഴിയാണ് ക്യാമറകള്‍ ദൃശ്യങ്ങള്‍ അയയ്ക്കുന്നത്.

കണ്‍ട്രോള്‍ കളക്ടറേറ്റില്‍

എറണാകുളം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസിലാണ് കണ്‍ട്രോള്‍ റൂം. കെല്‍ട്രോണുമായി സഹകരിച്ച് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് കെല്‍ട്രോണ്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ നോട്ടീസ് അയയ്ക്കും. ക്യാമറയില്‍നിന്നുള്ള വിവരങ്ങള്‍ നേരേ വാഹന്‍ സോഫ്റ്റ്വേറിലെത്തും. അതില്‍ത്തന്നെ പിഴയുടെ ചെലാന്‍ തയ്യാറാക്കും. നിയമ ലംഘനം കണ്ടെത്തിയാലുടന്‍ വാഹന ഉടമയുടെ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശവും എത്തും.

Content Highlights: Artificial Intelligence camera to caught traffic rule violations, five lakh challan issued


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented