ഇന്ത്യന്‍ എസ്.യു.വി വിപണിയിലെ പ്രമുഖരായ മഹീന്ദ്രയുടെ കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹനം ടി.യു.വി 300 വിപണിയിലെത്തി. 6.90 ലക്ഷമാണ് അടിസ്ഥാന വേരിയന്റിന്റെ പുണെയിലെ എക്സ് ഷോറൂം വില. സുരക്ഷാ സംവിധാനങ്ങളായ എ.ബി.എസ്, മുന്നിലെ രണ്ട് എയര്‍ബാഗുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും ഉണ്ടെന്നത് ടി.യു.വി 300 ന്റെ ശ്രദ്ധേയ സവിശേഷതയാണ്. ഫോര്‍ഡ് എക്കോസ്പോര്‍ട് അടക്കമുള്ള വാഹനങ്ങളുടെ വിപണിയിലേക്കാണ് ടി.യു.വി 300 എത്തുന്നത്. മഹീന്ദ്രയുടെ മൂന്നാം തലമുറയില്‍പ്പെട്ട ബോഡി ഓണ്‍ ഫ്രെയിം ഷാസിയിലാണ് വാഹനം നിര്‍മ്മിച്ചിട്ടുള്ളത്. വലിപ്പമേറിയ ബോണറ്റ്, സമചതുരത്തിലുള്ള വീല്‍ ആര്‍ച്ചുകള്‍, ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്പെയര്‍വീല്‍, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവയാണ് ടി.യു.വി 300 ന്റെ മുഖ്യ ആകര്ഷണങ്ങള്. പാറ്റണ് ടാങ്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടി.യു.വി 300 ന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുള്ളത്. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയോടുള്ള രൂപസാദൃശ്യം വാഹനത്തെ ആകര്‍ഷകമാക്കുന്നു.
ഡ്യുവല്‍ടോണ്‍ ഡാഷ് ബോര്‍ഡ്, സ്റ്റിയറിങ് മൗണ്ടഡ് കണ്ട്രോള്സ്, ക്വാണ്ടോയിലേതിന് സമാനമായ ഏഴ് സീറ്റുകള്‍ തുടങ്ങിയവയാണ് ഇന്റീരിയറിലുള്ളത്. എക്സ്.യു.വി 500, സ്കോര്‍പിയോ എന്നിവയിലുള്ള മൈക്രോ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. സ്റ്റാര്‍ട്ട് സ്റ്റോപ് സംവിധാനമാണ് ഇതില്‍ പ്രധാനം. എ.സി, എസി ഇക്കോ എന്നീ രണ്ട് ഡ്രൈവിങ് മോഡുകളും ശ്രദ്ധേയം. വാഹനത്തിന് 18.49 കിലോമീറ്റര്‍ മൈലേജാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. 1493 സി.സി എംഹോക്ക് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഫൈവ് സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്.