എടപ്പാള്‍: കടുംനീലയും ചുവപ്പും പശ്ചാത്തലത്തില്‍ ആര്‍ട്ടിക്കിള്‍ 14 എന്ന പേരുമെഴുതി കുഞ്ഞുകുട്ടന്റെ ഓട്ടോറിക്ഷ ഓടാന്‍ തുടങ്ങിയിട്ട് 27 വര്‍ഷമായി. പക്ഷെ അന്നൊന്നും ഈ പേരിന്റെ പ്രസക്തിയെക്കുറിച്ച് ആരും ചിന്തിച്ചില്ല. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുയര്‍ന്നപ്പോഴാണ് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14-ന്റെ മഹത്വം പലരും മനസ്സിലാക്കുന്നത്.

പ്രീഡിഗ്രി കഴിഞ്ഞ് തൊഴിലൊന്നുമില്ലാതെ നടക്കുമ്പോഴാണ് ജില്ലാതിര്‍ത്തി ഗ്രാമമായ മേലെഴിയം പൂത്തേടത്ത് കുഞ്ഞുകുട്ടന്‍ സ്വയം തൊഴില്‍ വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. ജാതിമത, ലിംഗഭേദമില്ലാതെ ഓരോ ഇന്ത്യന്‍ പൗരനും തുല്യത ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 14-ന്റെ മഹത്വം എസ്.എസ്.എല്‍.സി.ക്ക് പഠിക്കുമ്പോഴാണ് കുഞ്ഞുകുട്ടന്‍ മനസ്സില്‍ കോറിയിട്ടത്.

സ്വന്തമായൊരു വാഹനം വാങ്ങുകയാണെങ്കില്‍ അതിന് ഈ പേരിടണമെന്ന ആഗ്രഹമാണ് വായ്പയെടുത്ത് ഓട്ടോ വാങ്ങിയപ്പോള്‍ അദ്ദേഹം സാക്ഷാത്കരിച്ചത്. ഓട്ടോറിക്ഷ പലവട്ടം മാറി വാങ്ങിയെങ്കിലും നാമംമാറ്റാന്‍ കുഞ്ഞുകുട്ടന്‍ തയ്യാറായില്ല. പേരിലെ കൗതുകംകണ്ട് ചോദിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ 14-ന്റെ പ്രസക്തിയെക്കുറിച്ചുള്ള വിശദമായ ക്ലാസും ഇദ്ദേഹം നല്‍കും.

ഓട്ടോ ഓടിക്കുന്നതോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും കൃഷിയിലുമെല്ലാം താല്‍ത്പര്യമുള്ള കുഞ്ഞുകുട്ടന്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് കുറ്റിപ്പുറം ആലിന്‍ചുവടുമുതല്‍ പള്ളിപ്പടിവരെ തണല്‍വിരിച്ചു നില്‍ക്കുന്നവയില്‍ പലതും.

Content Highlights: Article 14 Auto Rickshaw