ജര്‍മന്‍ ആഡംബരവാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് പിക്കപ്പ് ട്രക്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. ആദ്യ പിക്കപ്പ് ട്രക്ക് 2020 ല്‍ വിപണിയിലെത്തും. ഡെയിംലര്‍, റെനോ, നിസാന്‍ കൂട്ടുകെട്ടാണ് വാഹനം വികസിപ്പിക്കുന്നത്. 2016 ല്‍ നിര്‍മ്മാണം തുടങ്ങും. 2014 ല്‍ വിപണിയിലെത്തിയ നിസാന്‍ എന്‍.പി 300 നെ അടിസ്ഥാനമാക്കിയാവും വാഹനം നിര്‍മ്മിക്കുക. എന്‍.പി 300 ന്റെ പുതിയ വകഭേദവും മെഴ്‌സിഡീസിന്റെ പിക്കപ്പ് ട്രക്കിനൊപ്പം വികസിപ്പിക്കും. മിഡ്‌സൈസ് പിക്കപ്പ് ട്രക്ക് വിപണി പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് മെഴ്‌സിഡീസ് ഈ രംഗത്തേക്ക് കടക്കുന്നത്. ഡബിള്‍ ക്യാബ് ട്രക്കാവും ആദ്യം വിപണിയിലെത്തുക. യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക വിപണികളെ ലക്ഷ്യമാക്കിയാണ് പിക്കപ്പ് ട്രക്ക് വികസിപ്പിക്കുന്നത്. റെനോ - നിസാനും ഡെയിംലറും തമ്മിലുള്ള സഹകരണം 2010 ലാണ് തുടങ്ങിയത്. സ്വകാര്യ ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധമാവും പിക്കപ്പ് ട്രക്കിന്റെ രൂപകല്‍പ്പന.