വടക്കാഞ്ചേരി: കോവിഡ് പ്രതിസന്ധിയിലാക്കിയ ഓട്ടോക്കാര്‍ക്കും ഒപ്പം യാത്രക്കാര്‍ക്കും പ്രയോജനകരമായ ആന്‍ഡ്രോയിഡ് ആപ്പ്-'ഏയ് ഓട്ടോ'. ഓരോ ഓട്ടോ സ്റ്റാന്‍ഡിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൗജന്യ സേവനം ഉപയോഗപ്പെടുത്താം. സാമൂഹിക അകലവും സുരക്ഷയും ഉറപ്പാക്കുകയാണ് ഏയ് ഓട്ടോ ആപ്പ്. 

ഓട്ടോ സ്റ്റാന്‍ഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. ഓട്ടോ തൊഴിലാളികള്‍,ഓട്ടോ ഡ്രൈവര്‍മാര്‍ എന്ന ബട്ടണുപയോഗിച്ചും യാത്രക്കാര്‍ യൂസര്‍ എന്ന ബട്ടണ്‍ ഉപയോഗിച്ചുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓട്ടോ തൊഴിലാളികള്‍ അവരുടെ വണ്ടിനമ്പര്‍,സ്ഥലം എന്നിവകൂടി അടുത്ത പേജില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. 

യാത്രചെയ്യാനാഗ്രഹിക്കുന്നവര്‍ ബുക്കു ചെയ്യുന്ന മുറയ്ക്ക് മുന്‍ഗണനക്രമത്തില്‍ അതത് ഓട്ടോക്കാര്‍ക്ക് മെസേജ് ലഭിക്കുകയും അതനുസരിച്ച് യാത്രക്കാരെ കയറ്റി യാത്ര നടത്താനുമാകും. യാത്ര ചെയ്യാനാഗ്രഹിക്കുന്നവരും ഏയ് ഓട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത തങ്ങളുടെ സമീപത്തുള്ള ഓട്ടോകള്‍ വീട്ടിലോ അല്ലെങ്കില്‍ എവിടെ വെച്ചാണോ ആവശ്യം വരുന്നത്,അവിടെനിന്നോ യാത്രയ്ക്കായി ഓട്ടോറിക്ഷകള്‍ ബുക്ക് ചെയ്യാം. 

യാത്രയുമായി ബന്ധപ്പെട്ട യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഏയ് ഓട്ടോ ആപ്പിലൂടെ നടത്തുന്നതല്ല.ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളൊന്നും നല്‍കേണ്ടതില്ല. താത്പര്യമുള്ളവര്‍ ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്ന് Aey auto എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ ആപ്പ് തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വടക്കാഞ്ചേരി-മച്ചാട് സ്വദേശിയും,ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനുമായ എന്‍.ബി. രഘുനാഥാണ് ഏയ് ഓട്ടോ ആപ്പിന്റെ രൂപകല്പന നടത്തിയത്.

Content Highlights: App Based Auto Service, Online Auto taxi Service