വില്ലേജോഫീസുകള്‍ക്ക് അനര്‍ട്ട് 400 ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക് നല്‍കും. 20 സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനര്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പിനും വാഹനങ്ങള്‍ നല്‍കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് അനര്‍ട്ട് സമര്‍പ്പിച്ചു. 

ഒരു ഇലക്ട്രിക് വാഹനത്തിന് 20 ലക്ഷം രൂപയാണ് വില. ഇത്രയും തുക മുടക്കി വാഹനങ്ങള്‍ വാങ്ങണമെങ്കില്‍ കോടികള്‍ വേണം. അതുകൊണ്ടാണ് ഇവ വാടകയ്ക്ക് എടുക്കുന്നത്. എട്ട് വര്‍ഷത്തേക്കാണിത്. പ്രതിമാസം ഒരു വാഹനത്തിന് 15,000 രൂപയെ വാടകയിനത്തില്‍ റവന്യൂവകുപ്പിന് ചെലവ് വരൂ. സ്‌കൂട്ടറുകള്‍ നല്‍കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും വില്ലേജോഫീസര്‍മാര്‍ താത്പര്യം കാണിച്ചിട്ടില്ല.

ഒരു താലൂക്കിലെ നാല് വില്ലേജോഫീസുകള്‍ക്ക് ഒരു കാര്‍ എന്ന നിലയിലാണ് ആലോചിക്കുന്നത്. ഓരോ ദിവസവും വില്ലേജോഫീസുകള്‍ക്ക് മാറിമാറി ഉപയോഗിക്കാന്‍ കഴിയും. ഡ്രൈവര്‍മാരെ റവന്യൂവകുപ്പ് കണ്ടെത്തണം. 

അതിന് കഴിഞ്ഞില്ലെങ്കില്‍ ഡ്രൈവര്‍മാരെയും അനര്‍ട്ട് നല്‍കും. വാഹനങ്ങള്‍ നല്‍കുന്നതിലൂടെ അനര്‍ട്ടിന് രണ്ടുശതമാനം കമ്മിഷന്‍ കിട്ടും. റവന്യൂവകുപ്പും ധനകാര്യവകുപ്പും ധാരണയിലെത്തിയാല്‍ അനര്‍ട്ടുമായുള്ള കരാര്‍ ഒപ്പുവെയ്ക്കും.

Content Highlights: Anert give electric cars to village office, Electric car for lease, 400 Electric car, village office