കൗതുകമുള്ള ദൃശ്യങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ എന്നുവേണ്ട തന്നെ അദ്ഭുതപ്പെടുത്തുന്ന എന്തും ജനങ്ങളുമായി പങ്കുവയ്ക്കുന്ന വ്യക്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇത് മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. ചിത്രങ്ങള്‍ക്ക് യോജിച്ച തലക്കെട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇത്തരത്തില്‍ പുതിയ ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. 

മൈസൂരു-ഊട്ടി റോഡില്‍ മുതുമലൈ ടൈഗര്‍ റിസര്‍വ് മേഖലയില്‍ യാത്ര ചെയ്യുന്ന ഒരു വാഹനത്തെ കടുവ തടഞ്ഞുനിര്‍ത്തിയിരിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. കടുവ വാഹനത്തിന്റെ പിന്നിലെ ബമ്പറില്‍ കടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. മഹീന്ദ്രയുടെ സൈലോ എന്ന എസ്.യു.വിക്കൊപ്പമാണ് കടുവയുടെ ഈ കളി. അതുകൊണ്ടുതന്നെയാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ഈ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.

പതിവുപോലെ വളരെ ആകര്‍ഷകമായ തലക്കെട്ട് ഉള്‍പ്പെടെയാണ് അദ്ദേഹം ഈ വീഡിയോയും പങ്കുവെച്ചിട്ടുള്ളത്. ഊട്ടി-മൈസൂര്‍ റോഡിലെ തെപ്പക്കാടിന് സമീപത്ത് നിന്നുള്ള വീഡിയോ കാട്ടുതീ പോലെ പടര്‍ന്നിരിക്കുകയാണ്. കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ തന്നെ അവന്‍ അത് ചവച്ചതില്‍ എനിക്ക് അതിശയം തോന്നുന്നില്ല. മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാമെന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത്.

കടുവയെ കണ്ട് നിര്‍ത്തിയ വാഹനത്തിന്റെ പിന്നിലാണ് കടുവ കടിച്ച് പിടിച്ചിരിക്കുന്നത്. ഏറെ നേരം പിന്നില്‍ കടിച്ച് പിടിച്ചതിന് ശേഷം വാഹനം പിന്നിലേക്ക് കടിച്ച് വലിക്കുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാരെയും വീഡിയോയില്‍ കാണുന്നുണ്ട്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാക്സി വാഹനമാണ് കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. വാഹനത്തിന്റെ ഗ്ലാസുകളില്‍ ഇരുമ്പ് ഗാര്‍ഡുകളും നല്‍കിയിരിക്കുന്നത് കാണാം.

Content Highlights: Anand Mahindra Share Viral Video, A Tiger Tussling With A Mahindra Xylo, Anand Mahindra