കൊറോണ വൈറസ് ലോകത്താകമാനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രോഗികളെ പരിചരിക്കാനുള്ള സംവിധാനം വാഗ്ദാനം ചെയ്തത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. തന്റെ വാഹന നിര്‍മാണ ശാലകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്. 

ഇതിനുപുറമെ, രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മഹീന്ദ്ര ഹോളിഡേ റിസോര്‍ട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അടിയന്തിര സാഹചര്യത്തില്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനെയും സൈന്യത്തേയും സഹായിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നുണ്ട്. 
 
രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ അടിസ്ഥാന ചികിത്സാ കേന്ദ്രങ്ങളും കൂടുതല്‍ വോളണ്ടിയര്‍മാരും അനിവാര്യമാണ്. നിലവില്‍ കൊറോണ ഭീഷണിയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ. മൂന്നാം ഘട്ടത്തിലേക്ക് പോകുകയാണെങ്കില്‍ കൂടുതല്‍ ആശുപത്രികളും മറ്റും ഒരുക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അഭിപ്രായപ്പെടുന്നത്. 
 
കൊറോണ വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള ധനശേഖരണത്തിനായി തന്റെ മുഴുവന്‍ ശമ്പളവും നല്‍കുമെന്നും മഹീന്ദ്രയുടെ മറ്റ് ബിസിനസ് വിഭാഗങ്ങളോടും ഇത് ആവശ്യപ്പെടുമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കൊറോണയെ ചെറുക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങള്‍ ഒരുക്കാനും മഹീന്ദ്ര സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 
ആനന്ദ് മഹീന്ദ്രയ്ക്ക് പുറമെ, വിദേശ കമ്പനികളായ ടെസ്ലയുടെ സിഇഒയായ ഇലോണ്‍ മസ്‌ക്, ആപ്പിളിന്റെ മേധാവിയായ ടിം കുക്ക്, ആലിബാബ സ്ഥാപകനായ ജാക്ക് മാ തുടങ്ങി നിരവധി വ്യവസായികള്‍ കൊറോണ പ്രതിരോധത്തിനുള്ള സഹായസഹകരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
Content Highlights: Anand Mahindra Offers To Make Ventilators, Convert Resorts Into Care Facilities