ടാറ്റയുടെ നെക്‌സോണ്‍ ഇപ്പോള്‍ ഏത് ഇന്ത്യന്‍ നിര്‍മിത വാഹനത്തെക്കാള്‍ പെരുമയിലാണ്. ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ ആദ്യമായി ഒരു വാഹനം അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയതാണ് നെക്‌സോണിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ചത്. ഈ അപൂര്‍വ്വ നേട്ടത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര രംഗത്ത്.

ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ആനന്ദ് മഹീന്ദ്ര ടാറ്റ ടീമിനെ അഭിനന്ദനം അറിയിച്ചത്. ഈ നേട്ടം സ്വന്തമാക്കിയതിന് അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ നിര്‍മിക്കുന്ന ഒന്നും പിന്നിലല്ലെന്ന് തെളിയിക്കാനും നിങ്ങള്‍ക്കൊപ്പം ഞങ്ങളും ചേരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ  ട്വീറ്റ്.

ടാറ്റ നെക്‌സോണിന് പുറമെ, മഹീന്ദ്രയുടെ എംപിവി മോഡലായ മരാസോയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങളും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിരുന്നു. 

ഇന്ത്യന്‍ കമ്പനികളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ഓട്ടോയും ക്രാഷ് ടെസ്റ്റില്‍ അഞ്ചും, നാലും സ്റ്റാര്‍ സുരക്ഷ നേടിയത് വലിയ കാര്യമായി കാണുന്നുവെന്നാണ് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ്,  ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിനോട് പ്രതികരിച്ചത്.

Content Highlights: Anand Mahindra Congratulates Tata Motors On Nexon Crash Test Rating