പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വരുകയാണ്. എന്നാല്‍, ഇത്തരം വാഹനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളിയാകുന്നത് ഫുള്‍ ചാര്‍ജില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ദൂരവും ബാറ്ററി ചാര്‍ജിങ്ങിന് എടുക്കുന്ന സമയവുമാണ്. ഇത് മറികടക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററി ഒരുക്കിയിരിക്കുകയാണ് കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന് വിഭാഗം.
പത്ത് മിനിറ്റിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഹൈ പവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇവര്‍ വികസിപ്പിച്ചിട്ടുള്ളത്. ഈ ബാറ്ററി പതിനായിരം തവണ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് ഈ ബാറ്ററി വികസിപ്പിച്ചിട്ടുള്ളത്. ലോകത്തില്‍ തന്നെ ഇത് ആദ്യമായാണ് ഹൈ പവര്‍ ബാറ്ററി ഒരുങ്ങുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
നാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ടര വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഹൈ പവര്‍ ബാറ്ററി നിര്‍മിച്ചിരിക്കുന്നതെന്ന് ബാറ്ററിയുടെ നിര്‍മാണത്തിന് നേതൃത്വം നല്കിയ അമൃത സെന്ററിലെ നാനോ സയന്‍സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന് വിഭാഗം ഡയറക്ടര്‍ ശാന്തികുമാര്‍ വി. നായര്‍, നാനോ എനര്‍ജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ദാമോദരന്‍ സന്താനഗോപാലന് എന്നിവര്‍ അറിയിച്ചു.
ഹൈ പവര്‍ ലിഥിയം അയേണ്‍ സെല്ലുകള്‍ കൊണ്ട് നിര്‍മിക്കുന്ന ബാറ്ററി പാക്ക് ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ സെല്ലുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് പരീക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ ഈ ബാറ്ററി പാക്കിന്റെ ഉപയോഗം വളരെ ഫലപ്രദമായിരിക്കുമെന്നാണ് വിലയിരുത്തല്‍. വരുംകാലങ്ങളില്‍ ഇത്തരം ബാറ്ററി പാക്കുകള്‍ക്ക് വലിയ സാധ്യതയാണ് ഉള്ളതെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു.
Content Highlights: Amrita Nano Science Centre Develop High Power Battery For Electric Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..