സിനിമാതാരം അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയ്സ് ഉള്‍പ്പെടെ വേണ്ടത്ര രേഖകളില്ലാതെ ഓടിച്ചിരുന്ന 15 ആഡംബര കാറുകള്‍ ബെംഗളൂരുവില്‍ ഗതാഗത വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. ബെംഗളൂരുവിലെ യു.ബി. സിറ്റിയില്‍ നടത്തിയ പരിശോധനയിലാണ് കാറുകള്‍ പിടികൂടിയത്. കാറുകള്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 

ഇന്‍ഷുറന്‍സിന്റെയും നികുതിയുടെയും ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാത്തതിനാലാണ് കാറുകള്‍ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019-ല്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത റോള്‍സ് റോയ്സാണ് പിടിച്ചെടുത്തത്. 16 കോടി രൂപയുടെ കാറാണിത്. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ചെയ്തതായിരുന്നു കാര്‍. പിന്നീട് ബെംഗളൂരുവിലെ ഒരു വ്യവസായി 2019-ല്‍ ആറുകോടി രൂപയ്ക്ക് വാങ്ങി. 

പക്ഷേ, കാറിന്റെ രേഖകള്‍ ഇപ്പോഴും ബച്ചന്റെ പേരില്‍ത്തന്നെയാണ്. സല്‍മാന്‍ ഖാന്‍ എന്നയാളാണ് കാര്‍ ഉപയോഗിച്ചുവന്നിരുന്നതെന്ന് ഗതാഗതവകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ (എന്‍ഫോഴ്സ്മെന്റ്) നരേന്ദ്ര ഹോല്‍ക്കര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് രേഖകള്‍ ഉള്‍പ്പെടെ ഇയാള്‍ക്ക് ഹാജരാക്കാന്‍ കഴിയാതെവന്നതിനാലാണ് പിടിച്ചെടുത്തതെന്നും അറിയിച്ചു. 

ഓഡി, പോര്‍ഷെ, ജാഗ്വര്‍ തുടങ്ങിയ കാറുകളാണ് പിടിച്ചെടുത്തവയില്‍ മറ്റുള്ളവ. ബെംഗളൂരു റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സേവാ വെബ്സൈറ്റ് വഴി ഇവയുടെ വിവരങ്ങള്‍ ശേഖരിച്ചു.

നിയമപ്രകാരമുള്ള രേഖകള്‍ ഇല്ലാതെയാണ് ഇവ ഓടിച്ചുവന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിടിച്ചെടുക്കുകയായിരുന്നു. കര്‍ണാടകത്തിനുപുറത്തുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കാറുകളാണിവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Amitabh Bachchan, Rolls Royce, Bangalore Police, Insurance And Road Tax