കോവിഡ് കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഇനിയും കോവിഡ് പ്രതിരോധ വാക്സിന്‍ ലഭിച്ചില്ല. രണ്ടാം തരംഗത്തില്‍ കോവിഡ് കൂടുതല്‍ അപകടകാരിയാകുമ്പോള്‍ ഇവര്‍ക്ക് എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കണമെന്നും മറ്റ് സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

സംസ്ഥാനത്ത് 4200-ലധികം സ്വകാര്യ ആംബുലന്‍സുകളാണുള്ളത്. ഇതില്‍ ഒന്‍പതിനായിരത്തോളം ജീവനക്കാരുമുണ്ട്. ഇവരെല്ലാം കോവിഡ് രൂക്ഷമായതോടെ വിശ്രമില്ലാതെ ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വാക്സിന്‍ ലഭിച്ചെങ്കിലും സ്വകാര്യ മേഖലയെ പരിഗണിച്ചിരുന്നില്ല. സ്വകാര്യ മേഖലയിലെ ഒട്ടുമുക്കാല്‍ ജീവനക്കാര്‍ക്കും വാക്സിന്‍ ലഭിച്ചില്ല. 

എന്നിട്ടും മടികൂടാതെ ജോലി ചെയ്യുകയാണ്. ഇപ്പോള്‍ പലര്‍ക്കും രോഗം പിടിപെട്ടുകഴിഞ്ഞു. തൊടുപുഴയില്‍ മാത്രം 10 സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ കോവിഡ്ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കി സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് കെ.എ.ഡി.ടി.എ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.സി.യേശുദാസ് ആവശ്യപ്പെട്ടു.

ഇനിയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കൂട്ടത്തോടെ രോഗം വന്നാല്‍ ആംബുലന്‍സ് ഓടിക്കാന്‍ ആളെ കിട്ടാതാകും. മറ്റ് ഡ്രൈവര്‍മാരെക്കൊണ്ട് സര്‍വീസ് നടത്താമെന്നു കരുതിയാലും ആംബുലന്‍സ് ഓടിച്ച് പരിശീലനമില്ലാത്തത് വെല്ലുവിളിയാകും.

കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ആംബുലന്‍സ് ഡ്രൈവേഴ്സ് (സി.ഐ.എ.ഡി.), കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് ആന്‍ഡ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (കെ.എ.ഡി.ടി.എ.), എമര്‍ജന്‍സി ആംബുലന്‍സ് റെസ്‌ക്യു ടീം (ഇ.എ.ആര്‍.ടി.), ആംബുലന്‍സ് എമര്‍ജന്‍സി റെസ്പെണ്‍സ് ടീം (എ.ഇ.ടി.) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയത്. 

സംഘടനകള്‍ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുറച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കണമെന്ന് കെ.എ.ഡി.ടി.എ. സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ജലീല്‍ ആവശ്യപ്പെട്ടു.

Content Highlights: Ambulance Drivers Association Demands Covid Vaccine For Drivers