രിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതിന് ചുവടുപിടിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നു. ഇതിനായി അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടവീന് ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ക്കുള്ള ഓര്‍ഡര്‍ ആമസോണ്‍ നല്‍കി. ഈ വര്‍ഷം തുടക്കത്തില്‍ കോടികളുടെ നിക്ഷേപം റിവിയന്‍ സ്റ്റാര്‍ട്ടപ്പില്‍ ആമസോണ്‍ നടത്തിയതിന് പിന്നാലെയാണ് വാഹന ഓര്‍ഡറും റിവിയനെ ഏല്‍പ്പിക്കുന്നത്. 

rivian

ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇ-വാനുകള്‍ വാങ്ങുന്ന വിവരം ആദ്യം അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു. 2021 മുതല്‍ റിവിയന്‍ ഇലക്ട്രിക് വാനുകള്‍ സര്‍വീസിനിറങ്ങുമെന്ന് ആമസോണ്‍ പറയുന്നു. 2022ഓടെ 10,000 ഇലക്ട്രിക് വാനുകള്‍ ആമസോണ്‍ നിരയിലേക്കെത്തും. 2030 മുതല്‍ ഒരു ലക്ഷം ഇ-വാനുകളും ഡെലിവറിക്കായി രംഗത്തിറങ്ങും. 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പുര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുമ്പെ കൈവരിക്കാനാണ്‌ ആമസോണ്‍ ലക്ഷ്യമിടുന്നത്. 

ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വാനുകളായിരിക്കും ഇത്. ആദ്യ ചിത്രം പുറത്തുവിട്ടെങ്കിലും ഇലക്ട്രിക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല. മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് ഇ-വാനുകള്‍ റിവിയന്‍ നിര്‍മിക്കുക. തുടക്കത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇ-വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.

rivian

Content Highlights; amazon orders one lakh rivian electric van as delivery vehicles