മഹീന്ദ്ര ട്രിയോ സോർ | Photo: Amazon India
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് പിന്തുണയുമായി ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണ്‍. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യയും മഹീന്ദ്ര ഇലക്ട്രിക്കും സഹകരണം പ്രഖ്യാപിച്ചു. അമസോണ്‍ ഡെലിവറി വാഹന വിഭാഗത്തിലേക്ക് 10,000 ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനായാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്.
2030-ഓടെ ഒരു ലക്ഷം ഇലക്ട്രിക് ഡെലിവറി വാഹനങ്ങള്‍ എന്ന വലിയ ലക്ഷ്യവുമായുള്ള പ്രവര്‍ത്തനത്തിലാണ് ആമസോണ്‍. ഈ ലക്ഷ്യത്തിന് കരുത്തേകാന്‍ 2025-ഓടെ ഇന്ത്യയില്‍ ഡെലിവറിക്കായി 10,000 ഇലക്ട്രിക് വാഹനങ്ങള്‍ സജ്ജമാക്കുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ സഹകരണത്തോടെ ആയിരിക്കും ഈ വാഹനങ്ങള്‍ എത്തുക.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍, ലക്നൗ എന്നിവിടങ്ങളില്‍ മഹീന്ദ്രയുടെ ട്രിയോ സോര്‍ എന്ന ഇലക്ട്രിക് മോഡല്‍ ഡെലിവറിക്കായി ഒരുക്കാനാണ് ആമസോണ്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതിനുപിന്നാലെ മറ്റ് നഗരങ്ങളിലേക്കും ഇലക്ട്രിക് വാഹനമെത്തിക്കുമെന്നാണ് സൂചന.
ഉയര്‍ന്ന ശേഷിയുള്ള ബാറ്ററികള്‍ വികസിപ്പിച്ചും കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറുകള്‍ എത്തിച്ചും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളാണ് ഇലക്ട്രിക് വാഹന രംഗത്ത് ഇന്ത്യ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് ആമസോണ്‍ വിലയിരുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ ബോധവത്കരണ പരിപാടികളും മറ്റ് ആനുകൂല്യങ്ങളും ഒരുക്കുന്നതിനെയും ആമസോണ്‍ പ്രശംസിച്ചു.
2020 ഒക്ടോബറിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് ഗുഡ്സ് വാഹനമാണ് ട്രിയോ സോര്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ റേഞ്ച് നല്കുന്ന ബാറ്ററിയും സാങ്കേതികവിദ്യയുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മികച്ച പ്രകടനം, ഡ്രൈവ് ബൈ വയര്‍ ടെക്നോളജി, ഉയര്‍ന്ന വീല്‍ബേസ്, ശക്തമായ സുരക്ഷ തുടങ്ങിയ സംവിധാനങ്ങളുടെ അകമ്പടിയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. മഹീന്ദ്രയുടെ ഇ-ട്രിയോ ഓട്ടോറിക്ഷയും നിരത്തുകളിലുണ്ട്.
Content Highlights: Amazon India partners with Mahindra Electric to help fulfil its commitment towards electric mobility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..