ലപ്പുഴ ബൈപ്പാസ് മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ ഇനി കുടുങ്ങും. ബൈപ്പാസില്‍ അപകടങ്ങള്‍ കൂടിയതോടെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് ദേശീയപാതാ വിഭാഗവും മോട്ടോര്‍വാഹന വകുപ്പും. മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ ബുധനാഴ്ച മുതല്‍ പിഴ ചുമത്തും. 

ഗതാഗതം തടസ്സപ്പെടുത്തിയതിന് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്യും. ആദ്യം 250 രൂപയാണ് പിഴ. എന്നാല്‍, പിഴയടച്ചു മടങ്ങാമെന്നു കരുതേണ്ടാ. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. കാല്‍നടയാത്രയും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഇതുസൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നോ സ്റ്റാന്‍ഡിങ്... നോ സ്റ്റോപ്പിങ്...

നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് കൊമ്മാടിയില്‍നിന്നു കളര്‍കോടുവരെ ചുരുങ്ങിയനേരംകൊണ്ട് കടക്കാമെന്നതാണ് ബൈപ്പാസിന്റെ ഗുണം. എന്നാല്‍, ബൈപ്പാസില്‍നിന്നുള്ള കടല്‍ക്കാഴ്ച കാണാന്‍ വലിയതിരക്കാണ് വൈകുന്നേരങ്ങളില്‍. ഇതു മേല്‍പ്പാലത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഇതൊഴിവാക്കാന്‍ 'നോ സ്റ്റാന്‍ഡിങ്, നോ സ്റ്റോപ്പിങ്' എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. 

എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലും അവസാനവുമായി കാല്‍നടയാത്ര നിരോധിക്കുമെന്ന ബോര്‍ഡും സ്ഥാപിക്കും. വാഹനയാത്രക്കാരുടെ ആശയക്കുഴപ്പവും അപകടവും ഒഴിവാക്കാന്‍ കളര്‍കോട്, കൊമ്മാടി ജങ്ഷനുകളില്‍ മീഡിയന്‍ നീട്ടിയിരുന്നു. കൊമ്മാടിയില്‍ പ്ലാസ്റ്റിക് സേഫ്റ്റികോണ്‍ ഉപയോഗിച്ച് താത്കാലിക മീഡിയന്‍ സ്ഥാപിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പുതുക്കിപ്പണിയുന്നതിനായി കൊമ്മാടിപ്പാലം പൊളിച്ചുതുടങ്ങിയതോടെ ശവക്കോട്ടപ്പാലത്തിലൂടെയാണ് വാഹനങ്ങള്‍ നഗരത്തിലേക്കു പ്രവേശിക്കുന്നത്.

പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്

മോട്ടോര്‍ വാഹനവകുപ്പ് ബൈപ്പാസിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബീച്ചിനു സമാന്തരമായെത്തുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുക്കാനാണ് തിരക്ക്. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അമിതവേഗത്തിലാണ് ഇതുവഴി പോകുന്നത്. ഇതിനിടെ കൊമ്മാടിഭാഗത്തുനിന്ന് വരുന്ന വാഹന യാത്രക്കാര്‍ ഇറങ്ങി എതിര്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടമുണ്ടാകും. ഇതു തടയുന്നതിന് പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തിവരുന്നത്.

താക്കീതു കഴിഞ്ഞു

മുന്നറിയിപ്പ് അവഗണിച്ചാണ് പലരും വശങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. സെല്‍ഫിയെടുത്തും കടല്‍ക്കാഴ്ച പകര്‍ത്തിയും ഏറെനേരം ചെലവഴിച്ചാണ് മടക്കം. ഇതുവരെ താക്കീതുനല്‍കി വിടുകയായിരുന്നു. ഇനിമുതല്‍ പിഴയടപ്പിച്ച് ആറുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകും.

പി.ആര്‍. സുമേഷ്, ആര്‍.ടി.ഒ.

Content Highlights: Alappuzha Bypass, Motor Vehicle Department, National Highway Authority