വായു മലിനീകരണം നിയന്ത്രിക്കാനായി തലസ്ഥാനനഗരത്തില്‍ സി.എന്‍.ജി. ഇതര വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. സി.എന്‍.ജി. ഇതര വാഹനങ്ങള്‍ നിരോധിച്ചില്ലെങ്കില്‍ ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണമെങ്കിലും അടിയന്തരമായി നടപ്പാക്കണമെന്ന് അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇ.പി.സി.എ.) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനു ശുപാര്‍ശ നല്‍കി. സുപ്രീംകോടതി നിയോഗിച്ച ഇ.പി.സി.എ.യുടെ അധ്യക്ഷന്‍ ഭുരെ ലാല്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു കഴിഞ്ഞു.

ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ, ഗ്രേയ്റ്റര്‍ നോയ്ഡ എന്നീ എന്‍.സി.ആര്‍. മേഖലകളിലെ വായുമലിനീകരണം വളരെ ഉയര്‍ന്നതോതില്‍ നില്‍ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ട്‌. ചില ദിവസങ്ങളില്‍ വളരെ അപകടകരമായ രീതിയില്‍ വായുമലിനീകരണത്തിന്റെ തോത് രേഖപ്പെടുത്തി.

സി.എന്‍.ജി. ഇതര വാഹന നിരോധനം വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പറ്റൂവെന്ന നിലപാടിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. എന്നാല്‍, വായുമലിനീകരണം അത്യന്തം അപകടനിലയിലായാല്‍ താത്കാലികമായി ഇത്തരമൊരു നിരോധനത്തിലേക്ക് സംസ്ഥാനസര്‍ക്കാര്‍ നീങ്ങിയേക്കുമെന്നാണ് സൂചന. സി.എന്‍.ജി. ഇതര വാഹനങ്ങള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് ഇ.പി.സി.എ അധ്യക്ഷന്‍ ഡല്‍ഹി, ഹരിയാണ, യു.പി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു.

അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ലോകമെമ്പാടും ഇത്തരമൊരു നിരോധനമാതൃക നടപ്പാക്കാറുണ്ടെന്ന് ഭുരെ ലാല്‍ ചൂണ്ടിക്കാട്ടി. പാരീസിലും ബെയ്ജിങ്ങിലുമൊക്കെ സ്വകാര്യവാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത് അദ്ദേഹം ഉദാഹരണമായി പറഞ്ഞു. മൊത്തം മാലിന്യത്തില്‍ 40 ശതമാനവും വാഹനങ്ങളുടെ പുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുക അനിവാര്യമാണ്. ഇല്ലെങ്കില്‍ ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണമെങ്കിലും ഏര്‍പ്പെടുത്തണമെന്നും ഭുരെ ലാല്‍ അഭിപ്രായപ്പെട്ടു.

2016-ല്‍ ജനവരി, ഏപ്രില്‍ മാസങ്ങളില്‍ 15 ദിവസം വീതം ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച ഗ്രേഡ് അധിഷ്ഠിത നിയന്ത്രണ നടപടികളുടെ (ഗ്രാപ്പ്) ഭാഗമായിട്ടായിരുന്നു വാഹനനിയന്ത്രണം. ട്രക്കുകള്‍ നിയന്ത്രിച്ചതിനു പുറമേ ഡീസല്‍ വാഹനങ്ങളും നിയന്ത്രിക്കണമെന്നാണ് ഇ.പി.സി.എ.യുടെ ശുപാര്‍ശ. 

സ്വകാര്യ ഡീസല്‍ വാഹനങ്ങള്‍ നിര്‍ബന്ധമായും നിയന്ത്രിക്കണമെന്നും ഇ.പി.സി.എ. ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാത്രമല്ല, എന്‍.സി.ആറിലും പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള കര്‍മപദ്ധതി വേണ്ടത്ര ഗൗരവത്തോടെ നടപ്പാക്കിയിട്ടില്ലെന്നാണ് ഇ.പി.സി.എ.യുടെ വിമര്‍ശം.

Content Highlights: Air Pollution; Wail; The Diesel vehicle may be banned In Delhi