പെര്‍മിറ്റ് സ്റ്റോപ്പേജ് നല്‍കി സ്വകാര്യബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തില്‍ മൂന്നുമാസത്തേക്കുകൂടി നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നുമാസത്തെ റോഡ് നികുതി ഒഴിവാക്കാനുള്ള നിര്‍ദേശം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.
യാത്രക്കാര്‍ കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ 15,800 സ്വകാര്യബസുകളില്‍ 12,600 ബസുകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കി. ഇത്രയും ബസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കോവിഡ് കാരണം സ്വകാര്യബസുകളില്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജൂലായില്‍ സര്‍വീസ് പുനരാരംഭിച്ചു.
ചാര്‍ജ് കൂട്ടിയിട്ടും നഷ്ടമാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. റോഡ് നികുതി ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.സ്റ്റോപ്പേജ് നല്‍കിയാല്‍ അത്രയുംകാലം ഓടാത്തതിന് ബസുകാര്‍ നികുതി അടയ്‌ക്കേണ്ടതില്ല. നികുതിയടച്ച് സര്‍വീസ് നടത്തിയാല്‍ ലാഭകരമല്ലെന്നാണ് ബസ്സുടമകളുടെ വാദം.
നികുതി ഒഴിവാക്കി ബസ് ഓടാന്‍ അനുവദിച്ചാല്‍ ദിവസം 15,800 ബസുകള്‍ ഡീസല്‍ ഉപയോഗിക്കുന്ന ഇനത്തില്‍ ഇന്ധന നികുതിയായി ദിവസവും രണ്ടുകോടി രൂപയോളം സര്‍ക്കാരിനു ലഭിക്കും. സ്വകാര്യബസുകള്‍ക്കൊപ്പം ടൂറിസ്റ്റ് ബസുകളുടെയും റോഡ് നികുതി ഒഴിവാക്കിയേക്കും. ഇക്കാലയളവില്‍ ഓടാത്ത സ്‌കൂള്‍ബസുകളുടെ നികുതിയിലും ഇളവ് നല്‍കാമെന്ന് ഗതാഗതവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Content Highlights: Advice On Tax Exemption For Buses For Three Months