പ്രതീകാത്മക ചിത്രം | Photo: Adani Group
വിമാനത്താവളം, തുറമുഖം, വൈദ്യുതി തുടങ്ങിയ വ്യവസായ മേഖലകളിലെല്ലാം കരുത്തന് സാന്നിധ്യമായ അദാനി ഗ്രൂപ്പ് വാഹനങ്ങളുടെ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നു. പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളില്‍ നിന്ന് മാറി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരനായ ഗൗതം അദാനിയുടെ വ്യവസായ ഗ്രൂപ്പ് ഒരുങ്ങുന്നത്.
വൈദ്യുതി വാഹന വിപണിയിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി ഇതിനായുള്ള കമ്പനി ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായാണ് സൂചനകള്‍. അദാനി എന്ന പേര് തന്നെയായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്കും നല്‍കിയേക്കുകയെന്നാണ് സൂചനകള്‍. എസ്.ബി. അദാനി ഫാമിലി ട്രസ്റ്റിന്റെ കീഴിലായിരിക്കും ഇലക്ട്രിക് വാഹന കമ്പനിയും പ്രവര്ത്തിക്കയെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍, ആദ്യഘട്ടത്തില്‍ വലിയ വാഹനങ്ങളുടെ നിര്‍മാണമായിരിക്കും അദാനി ഗ്രൂപ്പ് പരിഗണിക്കുക. അതുകൊണ്ടുതന്നെ വൈദ്യുതിയില്‍ ഒാടുന്ന ബസുകള്‍, ട്രക്കുകള്‍ തുടങ്ങിയ വാണിജ്യവാഹനങ്ങളായിരിക്കും തുടക്കത്തില്‍ നിര്‍മിക്കുക. അദാനി ഗ്രൂപ്പിന്റെ അധീനതയില്‍ തന്നെയുള്ള വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ആവശ്യമുള്ളവയാണ് തുടക്കത്തില്‍ ഉത്പാദിപ്പിക്കുകയെന്നാണ് സൂചന.
അദാനി ഗ്രൂപ്പിന്റെ ഹരിതപദ്ധതിയുടെ ഭാഗമായാണ് വൈദ്യതി വാഹന നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകന്നതെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളായ ബാറ്ററികളുടെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സ്റ്റേഷനുകളും അദാനി ഗ്രൂപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Adani group planning to make electric vehicle, Gautam Adani, Adani Group, Electric Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..