മ്പത് മാസങ്ങള്‍ക്ക് മുമ്പാണ് നടനായ വിനോദ് കോവൂരിന്റെ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതുക്കാന്‍ നല്‍കിയതും ഇതിനു പിന്നാലെ വിവാദങ്ങളും ഉണ്ടാകുന്നത്. ഇത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. എന്നാല്‍, ഒമ്പത് മാസങ്ങള്‍ക്കിപ്പുറം അദ്ദേഹം വീണ്ടും ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഒരു വാഹനവും ഡ്രൈവ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

ലൈസന്‍സ് കാലാവധി അവസാനിച്ചതിനാല്‍ യാതൊരു കാരണവശാലും വാഹനം ഓടിക്കരുതെന്ന് തന്റെ സഹോദരന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും ട്രെയിനിലും ബസിലും ടാക്‌സികളിലുമായായിരുന്നു യാത്രകള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാരെ വിളിച്ചും വാഹനം ഒടിച്ചു. ശരിക്കും ഒരു പോരാട്ടമായിരുന്നു ഈ കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ എന്നും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. 

ലൈസന്‍സ് ലഭിച്ച് കാലങ്ങള്‍ ആയെങ്കിലും ഇതുവരെ ലൈസന്‍സ് ആരും ചോദിച്ചിരുന്നില്ല. എന്നാല്‍, ഒരിക്കല്‍ തന്റെ വാഹനത്തിന് ഒരു അപകമുണ്ടാകുകയും ഇന്‍ഷുറന്‍സ് ആവശ്യത്തിനായി ലൈസന്‍സ് ഹാജരാക്കുകയും ചെയ്തതോടെയാണ് കാലാവധി കഴിഞ്ഞ കാര്യം അറിയുന്നതെന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ലൈസന്‍സ് പുതുക്കല്‍ തട്ടിപ്പിലെ നിയമനടപടിയുമായി മുന്നോട് പോകുമെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. 

2019-ലാണ് വിനോദ് കോവൂരിന്റെ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചത്. കാലാവധി കഴിഞ്ഞ ഒരു വര്‍ഷത്തോളമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഹാജരായാല്‍ മാത്രമേ ലൈസന്‍സ് പുതുക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ തന്റെ നാട്ടിലുള്ള ഒരു ഡ്രൈവിങ്ങ് സ്‌കൂളിനെ ഇതിനായി സമീപിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കുന്നതിന് വീണ്ടും ടെസ്റ്റുകള്‍ എടുക്കണമെന്ന് അറിയിക്കുകയും ഫീസ് ഇനത്തില്‍ 6300 രൂപ വാങ്ങിക്കുകയും ചെയ്തിരുന്നു. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സാരഥി വെബ്സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ ചെയ്യുന്നതിന് നല്‍കിയിട്ടുള്ള ഒരു യൂസര്‍ നെയിമും പാസ്‌വേഡും ചോര്‍ത്തിയെടുത്ത് ലൈസന്‍സ് പുതുക്കാനാണ് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ശ്രമിച്ചത്. തന്റെ യൂസര്‍ നെയിം ഉപയോഗിച്ച് നാല് തവണ ലോഗിന്‍ ചെയ്തെന്ന് കാണിച്ച് എം.വി.ഐയുടെ മൊബൈലില്‍ മെസേജ് വന്നോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പിന്നാലെ എം.വി.ഐ. ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ ലൈസന്‍സ് കൈയില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈസന്‍സ് പുതുക്കുന്നത് പോലെയുള്ള സേവനങ്ങള്‍ക്ക് ആരും ഇടനിലക്കാരെ സമീപിക്കരുതെന്നാണ് വിനോദിന് നല്‍കാനുള്ള ഉപദേശം. സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തിയാല്‍ ഇത്തരം സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും. കൊറോണ ആയതിനാലാണ് തന്റെ കാര്യത്തില്‍ കാലതാമസമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ അക്ഷയ പോലുള്ള കേന്ദ്രങ്ങളെ ആശ്രമിക്കുകയോ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Vinod Kovoor gets driving licence nine months after licence renewal allegations