ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്വേഡ് ചോര്‍ത്തി കൃത്രിമത്വം നടത്തിയതിനെത്തുടര്‍ന്ന് കുരുക്കിലായ നടന്‍ വിനോദ് കോവൂരിന് ഒന്‍പതുമാസത്തിനുശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കിക്കിട്ടി. മോട്ടോര്‍വാഹനവകുപ്പ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച ചേവായൂരിലെത്തി വിനോദ് കോവൂര്‍ ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയാക്കിയാണ് മോട്ടോര്‍ബൈക്കിന്റെയും കാറിന്റെയും ലൈസന്‍സ് പുതുക്കിയത്. 

'എം.80 മൂസ' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിനോദ് എം.80 സ്‌കൂട്ടറില്‍ത്തന്നെയാണ് ടെസ്റ്റെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വിനോദ് കോവൂര്‍ കോവൂരിലെ നസീറ ഡ്രൈവിങ് സ്‌കൂളുകാരെ ഏല്‍പ്പിച്ചതായിരുന്നു. എന്നാല്‍, ഡ്രൈവിങ് ടെസ്റ്റ് നടത്താതെത്തന്നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റായ സാരഥിവഴി കോവൂരിലെ ഡ്രൈവിങ് സ്‌കൂള്‍ കൃത്രിമമായി പുതുക്കി. 

രാത്രിയില്‍ കോഴിക്കോട് ആര്‍.ടി.ഒ. ഓഫീസിലെ എം.വി.ഐ. പി.വി. രതീഷിന് മൊബൈല്‍ഫോണില്‍ നോട്ടിഫിക്കേഷന്‍ വന്നതോടെയാണ് കൃത്രിമം നടത്തിയത് കണ്ടെത്തിയത്. പോലീസ് കേസെടുത്തെങ്കിലും സ്‌കൂളുകാര്‍ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ നശിപ്പിച്ചു. അത് കണ്ടെത്താന്‍ ഫൊറന്‍സിക്കിന് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണ്.

താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് വിനോദ് ഗതാഗതവകുപ്പ് മന്ത്രിയെയും ഗതാഗത കമ്മിഷണറെയുംകണ്ട് അപേക്ഷ നല്‍കി. ലൈസന്‍സ് പുതുക്കിനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈബര്‍ പോലീസും കത്തുനല്‍കി. അതിനുശേഷമാണ് ഇപ്പോള്‍ പുതുക്കാന്‍ അവസരം നല്‍കിയത്. എസ്.എസ്.എല്‍.സി. പരീക്ഷ പാസായതിന്റെ സുഖമുണ്ടെന്ന് ടെസ്റ്റ് വിജയിച്ച ശേഷം വിനോദ്കോവൂര്‍ പറഞ്ഞു. ഒന്‍പതുമാസം വലിയ പ്രയാസത്തിലായിരുന്നുവെന്നും വിനോദ് പറഞ്ഞു.

Content Highlights: Actor vinod kovoor gets driving licence after nine months, Vinod Kovoor gets driving licence, Driving Testm Bajaj M80