
വിജയ്, റോൾസ് റോയിസ് ഗോസ്റ്റ് | Photo: Twitter, Youtube
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ഇളവ് ആവശ്യപ്പെട്ട കേസില്‍ നടന് വിജയ്ക്കെതിരേ കോടതി നടത്തിയ പരാമര്‍ശം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് നീക്കി. കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് വിജയ് നല്കിയ അപേക്ഷ അനുവദിച്ചാണ് കോടതി ഉത്തരവ്.
ഇംഗ്ലണ്ടില്‍നിന്ന് 2012-ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന് അമിത പ്രവേശന നികുതി ഈടാക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് താരത്തിന് നിശിത വിമര്‍ശനം നേരിടേണ്ടിവന്നത്. നികുതി വെട്ടിപ്പ് രാജ്യദ്രോഹമാണെന്നും സിനിമകളിലെ താരങ്ങള്‍ നികുതി വെട്ടിക്കുകയാണെന്നുമായിരുന്നു ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യന്റെ നിരീക്ഷണം.
പ്രവേശന നികുതിക്കുപുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കഴിഞ്ഞ വര്‍ഷം ജൂലായില്‍ കോടതി ഉത്തരവിട്ടിരുന്നു. നികുതിയടയ്ക്കാന്‍ തയ്യാറാണെന്നും സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം. ദുരൈസ്വാമിയും ആര്. ഹേമലതയുമടങ്ങുന്ന ബെഞ്ച് കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കുകയും ചെയ്തു. ജസ്റ്റിസ് പുഷ്പ സത്യനാരായണയും മുഹമ്മദ് ഷഫീഖുമടങ്ങുന്ന ബെഞ്ചാണ് കോടതിയുടെ പരാമര്‍ശം നീക്കം ചെയ്തത്. കാറിന് പ്രവേശന നികുതിയായി അടയ്ക്കേണ്ട 32 ലക്ഷം രൂപ വിജയ് അടച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
നികുതി ഇളവ് അനുവദിക്കണണെന്നാവശ്യപ്പെട്ട് പല പ്രമുഖരും നല്കിയ ഹര്‍ജികള്‍ കോടതി നേരത്തേ തള്ളിയിട്ടുണ്ടെങ്കിലും വിജയ്ക്കെതിരേ നടത്തിയത്പോലുള്ള പരാര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്ന്നാണ്കോടതി പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്.
Content Highlights: Actor Vijay, Rolls Royce Luxury Car, Import Duty For Luxury Car, Madras High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..