'മാറാം ഇലക്ട്രിക് വാഹനങ്ങളിലേക്ക്' എന്ന സന്ദേശവുമായി ഊര്‍ജപക്ഷാചരണത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഹരിതയാത്ര സംഘടിപ്പിച്ചു. കേരള സര്‍വകലാശാല ആസ്ഥാനത്തുനിന്നും ആരംഭിച്ച വാഹന റാലി നടന്‍ ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. 

'മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ഇതിനായി കാര്‍ബണ്‍രഹിത വൈദ്യുത വാഹനങ്ങളിലേക്കു മാറേണ്ടതുണ്ട്'-ടൊവിനോ പറഞ്ഞു. ഉടന്‍തന്നെ വൈദ്യുതവാഹനം സ്വന്തമാക്കുമെന്നും ടൊവിനോ വ്യക്തമാക്കി.

എം.എല്‍.എ.മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം, ഇ.എം.സി. ഡയറക്ടര്‍ ഡോ. ആര്‍.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യകമ്പനികള്‍, വ്യക്തികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്. വെള്ളയമ്പലം, കവടിയാര്‍, പട്ടം, പി.എം.ജി., ബേക്കറി, തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.

കാര്‍ബണ്‍രഹിതമാണെന്നതും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല എന്നതും കുറഞ്ഞ ചെലവുമാണ് വൈദ്യുത വാഹനങ്ങളുടെ പ്രത്യേകത. ഈ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഊര്‍ജപക്ഷാചരണ പരിപാടിയിലൂടെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ലക്ഷ്യമിടുന്നത്.

Content Highlights: Actor Tovino Thomas Flag Off Electric Vehicle Awareness Journey , Electric vehicle, Tovino Thomas