വാഹനക്കമ്പത്തിലും ഡ്രൈവിങ്ങ് പ്രേമത്തിലും പിതാവായ മമ്മുട്ടിക്ക് തുല്യനാണ് മലയാളത്തിന്റെ യുവതാരമായ ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍, ഡ്രൈവിങ്ങിനിടെ അദ്ദേഹത്തിനുണ്ടായ കൈയബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വഴിമാറി വണ്‍വേയിലൂടെ വന്ന അദ്ദേഹത്തിന്റെ കാര്‍ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥന്‍ പിന്നിലേക്ക് പോകാന്‍ നിര്‍ദേശിക്കുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ആലപ്പുഴ ബൈപ്പാസിലാണ് സംഭവം നടക്കുന്നത്. ദുല്‍ഖറിന്റെ TN 6 W 369 നമ്പറിലുള്ള പോര്‍ഷെ പനമേര എന്ന കാര്‍ വഴിമാറി കയറി വരുന്നതും അതിനുശേഷം ട്രാഫിക് ഐലന്റിന് സമീപത്ത് നിന്ന് പോലീസുകാരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നിലേക്ക് പോയ ശേഷം ശരിയായ റോഡിലേക്ക് കയറി പോകുന്നതും വീഡിയോയില്‍ കാണാം. മുഹമ്മദ് ജസീല്‍ എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബൈക്കില്‍ സഞ്ചരിച്ചാണ് ഈ യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്നയാള്‍ മാസ്‌ക് ധരിച്ച് ഇരിക്കുന്നതിനാല്‍ ഇത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണോയെന്ന് വ്യക്തമല്ല. അതേസമയം, ഈ പോര്‍ഷെ വാഹനവും ഇതിന്റെ നമ്പറും കേരളത്തിലെ വാഹനപ്രേമികള്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരു പോലെ സുപരിചിതമാണ്. ശരിയായ ട്രാക്കില്‍ കയറിയ വാഹനം വീഡിയോ എടുക്കുന്നയാളെ കടന്ന് പാഞ്ഞ് പോകുന്നതും വീഡിയോയിലുണ്ട്.

Content Highlights: Actor Dulquer Salmaan, One Way Violation, Traffic Rule, Police