റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. 'അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു'കളില്‍നിന്ന് പരിശീലനം കഴിഞ്ഞവരെയാണ് ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. 

ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഡ്രൈവിങ് സിമുലേറ്ററുകള്‍ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. 

അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം നല്‍കാനും ഇത്തരം സെന്ററുകള്‍ക്ക് അനുമതിയുണ്ട്. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്. 

എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. റോഡിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രാജ്യത്ത് ഇത്രയധികം വാഹനാപകടങ്ങള്‍ക്ക് കാരണമെന്ന് ഗതാഗതമന്ത്രാലയം ചൂണ്ടിക്കാട്ടി. ശരിയായ പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Content Highlights: Accredited Driver Training Centers; Driving Licence, Driving Training