ദിവസേന നൂറുകണക്കിന് അപകടങ്ങളാണ് നമുക്കുചുറ്റം നടക്കുന്നത്. നിരവധിപ്പേർക്ക് പരിക്കേല്‍ക്കുകയും ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍, വളരെ ഗുരുതരമായ അപകടം നടന്നിട്ടും ഭാഗ്യം കൊണ്ട് മാത്രം ഒരു ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത്. 

അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ നിന്നുള്ള അപകട ദൃശ്യമാണിത്. ഒരു ബിഎംഡബ്ല്യു കാര്‍ റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ഒരു ട്രെയില്‍ വന്ന് കാറില്‍ ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. അപകടദൃശ്യം കണ്ടാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ജീവനോടെ രക്ഷപ്പെട്ടെന്ന് കരുതില്ല. എന്നാല്‍, നേരിയ പരിക്കുകളോടെ വാഹനത്തിലുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടിട്ടുണ്ട്.

ലോസ് ആഞ്ജലിസ് പോലീസാണ് ഈ അപകടദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ഗുരുതരമായ അപകടമാണിത്. എന്നാല്‍, ഡ്രൈവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, റെയില്‍ ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ വലിയ ശ്രദ്ധവേണമെന്ന സന്ദേശം ഈ അപകട ദൃശ്യം നല്‍കുന്നുണ്ടെന്ന തലക്കെട്ടോടെയാണ് പോലീസ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഈ അപകടം നടന്നത്. അപകടത്തില്‍ വാഹനം ഏറെകൂറെ പൂര്‍ണമായി തന്നെ നശിച്ചു. അപകടത്തിന് ശേഷമുള്ള വാഹനത്തിന്റെ ചിത്രം കമാന്‍ഡര്‍ മാര്‍ക്ക് റെയ്‌നയാണ് ട്വിറ്ററില്‍ പോസ്റ്റുചെയ്തത്. ചിത്രം തന്നെ സംസാരിക്കട്ടെയെന്നാണ് അദ്ദേഹം അതിന് തലക്കെട്ട് നല്‍കിയിട്ടുള്ളത്. നിരവധി ആളുകള്‍ അപകടദൃശ്യം പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Accident; Train Hit In Car In Los Angeles