ടൊയോട്ടയുടെ പ്രീമിയം എസ്‌യുവിയായ ഫോര്‍ച്യൂണര്‍ ഉണ്ടാക്കിയ ഒരു അപകടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് പറന്നിറങ്ങിയാണ് അപകടമുണ്ടായിരിക്കുന്നത്. ഫോര്‍ച്യൂണറിന് കാര്യമായ പരിക്കില്ലെങ്കിലും മറ്റ് രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

ഛണ്ഡീഖഡ് സെക്ടര്‍ 37-ലെ ഒരു നാല്‍ക്കവലയിലാണ് അപകടമുണ്ടായത്. ഇടുങ്ങിയ വഴിയിലൂടെ വേഗത്തിലെത്തിയ ഫോര്‍ച്യൂണര്‍ മുന്നിലൂണ്ടായിരുന്ന സ്ലാബില്‍ തട്ടി ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ഏകദേശം 20 അടി ഉയരത്തില്‍ പൊങ്ങിയ എസ്‌യുവി സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മറിയുകയും ചെയ്തു.

ഫോര്‍ച്യൂണര്‍ ഉയര്‍ന്ന് സെക്കന്റുകള്‍ക്ക് ശേഷം ഇതിനുപിന്നിലാണ് ഒരു വാഹനം കടന്നുപോകുന്നുണ്ട്. ഈ കവലയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഫോര്‍ച്യൂണര്‍ ഓടിച്ചിരുന്നയാള്‍ക്കുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

രജീന്ദര്‍ സിങ് എന്നയാളാണ് ഫോര്‍ച്യൂണര്‍ ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രജീന്ദര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് സാക്ഷ്യപ്പെടുത്തി. അതേസമയം, രജീന്ദറിനെതിരേ മറ്റ് രണ്ട് വാഹനങ്ങളുടെയും ഉടമസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Accident; Toyota Fortuner Flies And Land On Two Cars