തൃശൂരിലെ കുതിരാന്‍ റോഡില്‍ ജോണീസ് എന്ന പേരിലുള്ള പ്രൈവറ്റ് ബസ് ബ്ലോക്ക് മറികടക്കാന്‍ മറ്റൊരു വഴിയിലൂടെ കയറി ഓവര്‍ടേക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രൈവറുടെ മാസ് ഓവര്‍ടേക്കിങ്ങിനെ പ്രശംസിച്ചായിരുന്നു ഒട്ടുമിക്ക പോസ്റ്റുകളും. എന്നാല്‍ അപകടകരമായ ഇത്തരം ഡ്രൈവിങ് അഭ്യാസങ്ങള്‍ ഒഴിവാക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് കേരള പോലീസ്. മാസ് ഓവര്‍ടേക്കിങിന് പിന്നാലെ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ഈ ബസ് പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന ട്രോള്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. 

നിങ്ങള് പറ, അല്ല, ഒരു മര്യാദയൊക്കെ വേണ്ടേ എന്ന അടിക്കുറിപ്പോടെയാണ് ജോണീസ്‌ ബസിന്റെ ഓവര്‍ടേക്കിങ് ദൃശ്യങ്ങളും പീച്ചി പോലീസ് കസ്റ്റഡിയിലെടുത്ത ബസിന്റെ ദൃശ്യങ്ങളും സഹിതമുള്ള വീഡിയോ കേരള പോലീസ് പുറത്തുവിട്ടത്. സാഹചര്യത്തിന് ഇണങ്ങുന്ന തരത്തില്‍ സിനിമാ ഡയലോഗും പാട്ടുകളും ചേര്‍ത്തുള്ളതാണ് ഈ വീഡിയോ. അപകടകരമായ രീതിയില്‍ ഓടിച്ചുവന്ന ആ ബസ് ആ യാത്രയില്‍ തന്നെയാണ് മറ്റൊരു കാറില്‍ ഇടിച്ചതും അതിന് പോലീസ് കേസ് എടുത്തിട്ടുള്ളതെന്നും കേരള പോലീസ് പറയുന്നു. പൊതുജനങ്ങളുടെ ജീവന്‍ വെച്ചുള്ള ഇത്തരം അപകടകരമായ അഭ്യാസങ്ങള്‍ ഒഴിവാക്കണമെന്ന സന്ദേശം നല്‍കുക എന്ന സദുദ്ദേശം മാത്രമാണ് ഈ പോസ്റ്റിന് പിന്നിലെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Content Highlights; kerala police seized johnys private bus, kerala police facebook post, private bus illegal overtaking