പ്രതീകാത്മക ചിത്രം | Photo: Social Media
ഓണ്‍ലൈന്‍ അപേക്ഷകള്‍ സുരക്ഷിതമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനം ഒരുവിഭാഗം ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് അട്ടിമറിച്ചു. വാഹനങ്ങളുടെ ഉടമസ്ഥാവകാശമടക്കം ഏഴു സേവനങ്ങളാണ് ഡിസംബര്‍ 24 മുതല്‍ ആധാറുമായി ബന്ധിപ്പിച്ചത്. ഓണ്‍ലൈന്‍ അപേക്ഷ നല്കിയാലും രേഖകളും അപേക്ഷയുടെ പകര്‍പ്പും ഓഫീസുകളില്‍ എത്തിക്കേണ്ട രീതിയാണ് നിലവിലുണ്ടായിരുന്നത്.
ഇതിനുപകരം ആധാര്‍ ബന്ധിപ്പിക്കുമ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷമാത്രം മതിയാകും. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും ഈ സംവിധാനം കാര്യക്ഷമമായിട്ടില്ല. 'വാഹന്‍' ഓണ്‍ലൈനിലെ ആധാര്‍ അധിഷ്ഠിത അപേക്ഷകള്‍ പല ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. 'വാഹന്‍' അപേക്ഷകളില്‍ മുന്‍ഗണനാക്രമം നിര്‍ബന്ധമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ളവ വേഗം തീര്‍പ്പാക്കാനാകും. ഇടനിലക്കാര്‍ വഴി എത്തുന്ന അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കപ്പെടും. മറ്റുള്ളവ നിരസിക്കും.
ഇതിലുള്ള സന്ദേശം വാഹന ഉടമയ്ക്ക് ലഭിക്കാറുമില്ല. ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ ഓണ്‍ലൈനാക്കിയതിന് പിന്നാലെ അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമം നിര്‍ബന്ധമാക്കിയിരുന്നു. 'വാഹന്‍' അപേക്ഷകളില്‍ ഇതില്ലാത്തത് ഇടനിലക്കാര്‍ക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സഹായകരമാണ്. 'വാഹന്‍- സാരഥി'യിലേക്ക് പൂര്‍ണമായും മാറി രണ്ടുവര്‍ഷത്തിലേറെയായിട്ടും സോഫ്റ്റ്വേറിലെയും അപേക്ഷാരീതിയിലെയും പിഴവുകള്‍ പരിഹരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിന് കഴിഞ്ഞിട്ടില്ല.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. മുഴുമിപ്പിക്കാത്ത അപേക്ഷകളും സ്വീകരിക്കുമെങ്കിലും ഇവ പിന്നീട് ഓഫീസില്‍നിന്ന് തള്ളും. വാഹന ഉടമയുടെ ആധാര്‍ വിവരങ്ങളാണ് നല്‍കുന്നതെന്ന് ഉറപ്പാക്കാനുള്ള സുരക്ഷാ സംവിധാനവുമില്ല. അപേക്ഷകളുടെ പുരോഗതി അറിയാനുള്ള കേന്ദ്രീകൃത സംവിധാനവുമില്ല. വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുമ്പോള്‍ 'വാഹന്‍' അപേക്ഷകളുടെ വിവരം ഒളിപ്പിച്ച് 'സാരഥി' യുടെ കണക്ക് മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്നത്.
Content Highlights: Aadhaar based service in motor vehicle department, Online services by MVD Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..