അപകട ദൃശ്യങ്ങൾ | Photo: ANI
വാഹനവുമായി നിരത്തിലിറങ്ങുന്നയാള്ക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധയും ആവേശത്തിന്റെ പുറത്തുണ്ടാകുന്ന അമിതവേഗവും വിലപ്പെട്ട ജീവനുകള്‍ പോലും അപകടത്തിലേക്കിയേക്കും. ഇത്തരത്തില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിലൂടെ മാന്യമായി ഡ്രൈവ് ചെയ്ത പോകുന്ന സ്കൂട്ടറിലിടിച്ചുണ്ടാകുന്ന അപകട ദൃശ്യങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്.
ബിഹാര്‍ പട്നയിലെ ഗംഗാ ദേശീയപാതയിലാണ് ഈ അപകടം നടന്നിരിക്കുന്നത്. അമിത വേഗത്തില്‍ എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്ക് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. വേഗത്തിലെത്തിയ ബൈക്ക് മറ്റ് ബൈക്കുകളെ ഓവര്‍ടേക്ക് ചെയ്യുന്നതിനായി റോങ്ങ് സൈഡിലൂടെ കയറിയപ്പോഴാണ് എതിര് ദിശയില്‍ വരികയായിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്. സ്ത്രീ ഉള്‍പ്പെടെ രണ്ട് യാത്രക്കാരാണ് അപകടം സംഭവിച്ച സ്കൂട്ടറില്‍ ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും സ്കൂട്ടറില്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് പറയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ബൈക്ക് വാഹനം ഓടിച്ചിരുന്നയാളുടെ ഡ്രൈവിങ്ങ് എന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രണ്ട് വാഹനങ്ങളും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്.
നിരവധി ബൈക്കുകള്‍ അമിത വേഗത്തില്‍ പോകുന്നത് വീഡിയോയില്‍ കാണാം. ഈ കൂട്ടത്തിലെ ഒരു വാഹനമാണ് ഓവര്‍ടേക്കിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിനെ ഇടിച്ചിട്ടിട്ടുള്ളത്. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആളാണ് ബൈക്ക് ഓടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് ലൈസന്‍സും ഇല്ലെന്നാണ് വിലയിരുത്തലുകള്‍. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..