പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ വിചിത്ര വിശദീകരണവുമായി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്രേ തിവാരി. 95 ശതമാനം ആളുകളും പെട്രോള്‍ ഉപയോഗിക്കാത്തവരാണ്. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഫോര്‍ വീലര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജലൗനില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ ഈ അപൂര്‍വ വിശദീകരണം.

പ്രതിപക്ഷത്തിന് കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ത്താന്‍ മറ്റ് വിമര്‍ശനങ്ങള്‍ ഇല്ലാത്തതിനാലാണ് പെട്രോള്‍-ഡീസല്‍ വില ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. 2014-ന് മുമ്പും ശേഷവുമുള്ള ആളോഹരി വരുമാനം പരിശോധനിച്ചാല്‍ രാജ്യത്തിനുണ്ടായ വളര്‍ച്ച മനസിലാകും. മോദിയും യോഗിയും അധികാരത്തില്‍ എത്തിയതിന് ശേഷം ആളോഹരി വരുമാനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി ഉപേന്ദ്ര തിവാരി അവകാശപ്പെട്ടു.

പെട്രോളിന്റെയും ഡീസലിന്റെയും വില പരിശോധിച്ചാല്‍, ഇപ്പോള്‍ ഫോര്‍ വീലര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും പെട്രോള്‍ ആവശ്യമുള്ളവരും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. സമൂഹത്തിലെ 95 ശതമാനം ആളുകളും പെട്രോള്‍ ആവശ്യമില്ലാത്തവരാണ്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലഖ്നൗവില്‍ പെട്രോള്‍ വില ലിറ്ററിന് 103.18 രൂപയിലെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രി വിചിത്രമായ വിശദീകരണവുമായി എത്തിയിരിക്കുന്നത്. 

രാജ്യത്ത് ഇതിനോടകം 100 കോടിയില്‍ അധികം ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി കോവിഡ് വാക്‌സില്‍ നല്‍കി കഴിഞ്ഞു. ഇതിനുപുറമെ, കോവിഡ് പ്രതിരോധത്തിനായി വീടുവീടാന്തരം കോവിഡ് വാക്‌സിനും സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ കുറിച്ച് പറയുമ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയത് പറഞ്ഞ് മുമ്പ് മന്ത്രിമാര്‍ പ്രതിരോധിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നികുതിയായി ഈടാക്കുന്ന പണത്തില്‍ നിന്നാണ് സൗജന്യ വാക്‌സിന്‍ നല്‍കുന്നതെന്നാണ് കഴിഞ്ഞ മാസം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി രാമേശ്വര്‍ തെലി അറിയിച്ചത്. നിങ്ങള്‍ സൗജന്യമായി വാക്‌സില്‍ സ്വീകരിച്ചിരിക്കും. ഇതിനായി നിങ്ങള്‍ പണം നല്‍കിയിട്ടില്ല. എന്നാല്‍, ഈ പണം എവിടെ നിന്ന് വരുന്നു, ഇന്ധനത്തിന്റെ വിലയില്‍ നിന്നുള്‍പ്പെടെയുള്ള നികുതിയില്‍ നിന്നാണ് ഇത് ലഭിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Content Highlights: 95% Indians Don't Need Petrol, BJP Minister On Petrol Price Hike