
ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ കത്തിയമർന്ന കാർ (ഫയൽ ചിത്രം)
കഴിഞ്ഞ നാലുമാസത്തിനിടെ ദുബായില്‍ കത്തിയമര്‍ന്നത് 94 വാഹനങ്ങള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങള്‍ക്ക് തീപിടിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വേനല്‍ക്കാലാവധിക്ക് മുന്നോടിയായാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വേനല്‍ക്കാലം കടുക്കുന്നതിന് മുന്‍പായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണം.
ഈ വര്‍ഷമുണ്ടായ ഇത്രയും അപകടങ്ങളുടെ പ്രധാനകാരണം അറ്റകുറ്റപ്പണികളുടെ അഭാവമായിരുന്നെന്ന് ഫൊറന്‍സിക് എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി മേധാവി അഹമദ് മുഹമദ് അഹമദ് പറഞ്ഞു. പ്രത്യേകിച്ച് പഴയ കാറുകളിലെ ഇലക്ട്രിക് സംവിധാനത്തിലെ തകരാര്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും തീപിടിക്കാന്‍ കാരണമായേക്കാം.
തീപ്പിടിത്തമുണ്ടായാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എക്സ്റ്റിങ്ഗ്യുഷറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചിരിക്കുകയും വേണം. വാഹനങ്ങളില്‍നിന്ന് കത്തുന്ന മണമോ പുക വരുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ പുറത്തേക്കിറങ്ങി ദുബായ് സിവില്‍ ഡിഫന്‍സിനെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഖിസൈസ് വ്യവസായ മേഖലയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. നാശനഷ്ടങ്ങളുടെ തീവ്രതയും കത്തിനശിച്ച കാറുകളുടെ എണ്ണവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 14-ന് പുലര്‍ച്ചെ അല്‍ ജദ്ദാഫ് മേഖലയില്‍ കാരവാനുകള്‍ കത്തിനശിച്ച തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും നടക്കുകയാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
• ഡ്രൈവര്‍മാരുടെ പെരുമാറ്റരീതികള്‍ ഒരുപരിധിവരെ അപകടങ്ങളുണ്ടാക്കിയേക്കാം.
• സമയബന്ധിതമായി അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കിയിരിക്കണം.
• കൃത്യമായി സ്ഥാപിക്കാത്ത യന്ത്രഭാഗങ്ങള്‍ ഉരഞ്ഞ് തീപ്പിടിത്തമുണ്ടായേക്കാം.
• അനുമതിയില്ലാത്തതും വാഹനവുമായി യോജിക്കാത്തതുമായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത് ഒഴിവാക്കണം.
• വാഹനത്തിനുള്ളില്‍ ബാറ്ററിയുമായി ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചാര്‍ജര്‍ പോലുള്ളവ ഉപയോഗിക്കാത്തപ്പോള്‍ വിച്ഛേദിക്കാതെ പോകരുത്.
• കൊടുംവേനലില്‍ വാഹനത്തിനുള്ളില്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള ഇന്ധനം, ദ്രാവകം, എണ്ണ, ഉരുകിയൊലിച്ച് തീപിടിക്കുന്ന റബ്ബര്‍, പ്ലാസ്റ്റിക് ഉപകരണങ്ങള്‍ എന്നിവ സൂക്ഷിക്കരുത്.
• ചില സാനിറ്റൈസറുകളും ചൂടുപിടിച്ചാല്‍ കത്തിപ്പിടിക്കാന്‍ സാധ്യതയുണ്ട്.
• അംഗീകൃത വര്‍ക്ക്ഷോപ്പുകളില്‍മാത്രം വാഹനം അറ്റകുറ്റപ്പണി നടത്താന്‍ ശ്രദ്ധിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..