പുണെ ട്രാഫിക് പോലീസിന്റെ പട്രോളിന് ഇനി ബജാജ് പള്‍സര്‍ 150 ബൈക്കുകളില്‍. 80 സ്മാര്‍ട്ട് പള്‍സര്‍ മോഡലുകളാണ് പുണെ സ്മാര്‍ട്ട് സിറ്റി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ട്രാഫിക് പോലീസിന് നല്‍കിയത്. ട്രാഫിക് പോലീസിനായി പ്രത്യേകം രൂപകല്പന ചെയ്ത പള്‍സറില്‍ പോലീസിന്റെ ജോലി ആവശ്യാര്‍ഥം നിരവധി അഡീഷ്ണല്‍ ഗാഡ്ജറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ റഗുലര്‍ പള്‍സര്‍ 150 മോഡലില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ പോലീസ് പള്‍സര്‍ ബൈക്കുകള്‍. 

പുണെയില്‍ നടന്ന ചടങ്ങിലാണ് ബൈക്കുകളുടെ ഫ്‌ളാഗ്ഓഫ് നടന്നത്. ക്യാമറ, ജിപിഎസ്, ജാമര്‍, മെഗാഫോണ്‍, സ്പീക്കര്‍, കൃത്രിമ പൂട്ട്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ഇരുപതിലേറെ മോഡിഫൈഡ് സംവിധാനങ്ങള്‍ അഡീഷ്ണലായി വാഹനത്തിലുണ്ട്. സയറണ്‍ മുഴക്കാനും അടിയന്തര സിഗ്നലുകള്‍ നല്‍കാനും പ്രത്യേകം സ്വിച്ചുകള്‍ മീറ്റര്‍ കണ്‍സോളിന് താഴെയായി ഇടംപിടിച്ചു. ഫ്യുവല്‍ ടാങ്കിന് മുകളില്‍ ലൈറ്റ്‌ ബാറ്റണുമുണ്ട്‌. വലിയ വിന്‍ഡ് സ്‌ക്രീന്‍, ഹാന്‍ഡില്‍ ബാര്‍ വരെ കവര്‍ ചെയ്യുന്ന വലിയ ഫ്രണ്ട് കൗണ്‍ എന്നിവ സ്മാര്‍ട്ട് പള്‍സറിനെ വ്യത്യസ്തമാക്കും. 14 പിഎസ് പവറും 13.4 എന്‍എം ടോര്‍ക്കുമേകുന്ന 150 സിസി എന്‍ജിനാണ് പോലീസ് പള്‍സറിനും കരുത്തേകുന്നത്‌. 

Content Highlights; 80 bajaj pulsar 150 joins pune traffic police