20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള നയം നടപ്പാക്കുന്നതോടെ കര്‍ണാടകത്തില്‍ 63 ലക്ഷം വാഹനങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്ന് കണക്കുകള്‍. ഇതില്‍ 22 ലക്ഷം വാഹനങ്ങളും ബെംഗളൂരുവിലാണ്. പൊളിച്ചുമാറ്റേണ്ടിവരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ 40.2 ലക്ഷം ഇരുചക്രവാഹനങ്ങള്‍ പൊളിക്കണം. ബെംഗളൂരുവില്‍ ഇത് 12.5 ലക്ഷമാണ്. ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് കാറുകളാണ്. സംസ്ഥാനത്ത് 11 ലക്ഷവും ബെംഗളൂരുവില്‍ 5.3 ലക്ഷം കാറുകളുമാണ് പൊളിക്കേണ്ടിവരിക.
നഗരത്തില്‍ മാത്രം 1.2 ലക്ഷം ഓട്ടോറിക്ഷകളും പൊളിച്ചുമാറ്റണം. പൊളിക്കാനുള്ള നയം വാഹനവില്‍പ്പനയെ കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് വാഹനനിര്‍മാണ മേഖലയ്ക്ക് പുതിയ ഉണര്‍വുണ്ടാക്കും.
അതേസമയം പഴയവാഹനങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരുന്നതോടെ സാധാരണക്കാരായ ഓട്ടോറിക്ഷകാരും ടാക്സിക്കാരുമാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരിക. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. തങ്ങളുടെ ജീവിതമാര്‍ഗം അടയുമോയെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
തലമുറകളായി കൈമാറ്റം ചെയ്തുകിട്ടിയ വാഹനങ്ങളും പൊളിച്ചുമാറ്റേണ്ടിവരുമെന്നത് ഇത്തരം വാഹനങ്ങള്‍ കൈവശമുള്ളവരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. വാഹനത്തോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് ഇത്തരം വാഹനങ്ങള്‍ പലരും പരിപാലിച്ച് കൊണ്ടുനടക്കുന്നത്.
Content Highlights: 63 lakh vehicles await demolition in Karnataka; 12.5 lakh in Bengaluru alone