പെട്രോള്‍ വില 100 കടക്കുകയും ഡീസല്‍ വില 100-ലേക്ക് അടുക്കുകയും ചെയ്തതോടെ വാഹനങ്ങളുടെ ഇന്ധനക്ഷമത ഉയര്‍ത്താനുള്ള കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ സാങ്കേതിക വിദഗ്ധന്‍. വാഹനങ്ങളിലെ ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്ന മൈലേജ് ബൂസ്റ്റര്‍ എന്ന സംവിധാനമാണ് അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. 

5എം മൈലേജ് ബൂസ്റ്റര്‍ എന്ന സാങ്കേതികവിദ്യയാണ് ഹൈദരാബാദ് സ്വദേശിയായ ഡേവിഡ് എഷ്‌കോള്‍ വികസിപ്പിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വാഹനത്തില്‍ നിന്ന് പുറംതള്ളുന്ന കാര്‍ബണിന്റെ അളവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്ന സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനത്തിന് ലഭിക്കുന്ന അഞ്ച് നേട്ടങ്ങള്‍ എന്ന അര്‍ഥത്തിലാണ് മൈലേജ് ബുസ്റ്റര്‍ സംവിധാനത്തിന് 5എം എന്ന് പേര് നല്‍കിയിട്ടുള്ളതെന്നാണ് വിവരം. കൂടുതല്‍ മൈലേജിന് പുറമെ, മികച്ച പിക്ക്അപ്പ്, സ്മൂത്ത്‌നെസ്, കൂടുതല്‍ ടോര്‍ക്ക്, ഏറ്റവും പ്രധാനമായി കുറഞ്ഞ മലിനീകരണം എന്നിവയാണ് മൈലേജ് ബൂസ്റ്റര്‍ ഉറപ്പാക്കുന്നതെന്നാണ് ഡേവിഡ് എഷ്‌കോള്‍ അവകാശപ്പെടുന്നത്. 

എന്‍ജിന്‍ തുറക്കാതെ തന്നെ എന്‍ജിനുകളില്‍ നല്‍കുന്ന സാങ്കേതികവിദ്യയാണ് 5എം ബൂസ്റ്റര്‍ എന്നാണ് എഷ്‌കോള്‍ പറയുന്നത്. ഇന്‍ടേക്ക് മാനിഫോള്‍ഡിലൂടെയാണ് മൈലേജ് ബൂസ്റ്റര്‍ മെഷിന്‍ എന്‍ജിനുമായി ബന്ധിപ്പിക്കുന്നത്. വാഹനത്തിന്റെ എന്‍ജിന്‍ സി.സിയുടെ അടിസ്ഥാനത്തില്‍ അള്‍ട്രാസോണിക് വേവുകളും ഗ്യാസസ് പ്ലാസ്മയും എന്‍ജിനിലെത്തിയാണ് മൈലേജ് വര്‍ധിപ്പിക്കുന്നത്. 

2008 മുതല്‍ താന്‍ മൈലേജ് ബൂസ്റ്ററിന്റെ പണിപ്പുരയിലായിരുന്നെന്നാണ് എഷ്‌കോള്‍ പറയുന്നത്. ആറ് വര്‍ഷമെടുത്ത് 2016-ലാണ് ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. കാര്‍, ബൈക്ക്, ട്രിക്കുകള്‍ തുടങ്ങി 8000-ത്തോളം വാഹനങ്ങളില്‍ ഈ സംവിധാനം നല്‍കി കഴിഞ്ഞു. 100 മുതല്‍ 1000 സി.സി. വരെ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ ഇത് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: 5M Millage Booster; The Latest  Innovation To Increase Vehicle Millage